വിശുദ്ധ റമളാൻ വീണ്ടും സമാഗതമായിരിക്കുന്നു. വിശ്വാസിയുടെ അകത്തളങ്ങളിലേക്ക് കുളിർ തെന്നലായാണ് പുണ്യ റമളാൻ കടന്നു വരുന്നത്. ജീവിതത്തിൻ്റെ അടുക്കും ചിട്ടയും തിരിച്ചു പിടിച്ച് ഹൃദയ വിശുദ്ധി നേടിയെടുക്കാൻ വിശ്വാസിക്ക് റമളാൻ അവസരം നൽകുന്നു.കൂടാതെ സുകൃതങ്ങൾ ചെയ്യാനും തിന്മയുടെ വലയങ്ങൾ ഇല്ലാതാക്കി അധാർമികതകള അവഗിണക്കാനും റമളാൻ അവസരമൊരുക്കുന്നു.
ഇസ്ലാമിലെ വ്രതം അടിസ്ഥാനപരമായി മതപരവും ആത്മീയവും സാമൂഹികവുമായ ജീവിത വിശുദ്ധിയാണ് ലക്ഷ്യമിടുന്നത്. സ്രഷ്ടാവായ അല്ലാഹുവിന് സ്വയം സമർപ്പിക്കാനും തിന്മകളിൽ നിന്ന് മാറി ഇലാഹീ ചിന്തയിൽ മുഴുകാനും സ്രഷ്ടാവ് തന്നെ അടിമക്ക് നൽകിയ അസുലഭ നിമിഷങ്ങളാണ് റമളാൻ.
നീണ്ട മുപ്പത് ദിവസത്തെ വ്രതം മനുഷ്യൻ്റെ ദുഷിച്ച വിചാര-വികാരങ്ങളെ നിർമാർജ്ജനം ചെയ്ത് ആത്മീയമായ ശക്തി പകരുകയാണ്. പ്രഭാതം മുതൽ സൂര്യാസ്തമയം വരെ അന്നപാനീയങ്ങൾ വർജിക്കുന്നതിലൂടെ തൻ്റെ സഹജീവികളായ പാവപ്പെട്ടവരും നിർധനരുമായ അനേകമാളുകളുടെ വിശപ്പിൻ്റെ രുചിയാണ് നോമ്പിലൂടെ മനുഷ്യനറിയുന്നത്. അതിലൂടെ പരസ്പരം കൊണ്ടും കൊടുത്തും ജീവിക്കേണ്ടുന്നവനാണെന്ന ഒരു സാമുഹിക ബോധം മനുഷ്യനിൽ ഉണ്ടാക്കിയെടുക്കുന്നു.
സാന്ത്വന പ്രവർത്തനങ്ങളും സമൂഹത്തിലെ അശരണർ, ആലംബഹീനർ, വിധവകൾ, അനാഥകൾ തുടങ്ങിയ ദുരിതമനുഭവിക്കുന്നവർക്കുള്ള ചാരിറ്റി പ്രവർത്തനങ്ങളും റമളാനിൽ ഏറെ പ്രോത്സാഹിപ്പിക്കുന്നുണ്ട് വിശുദ്ധ ഇസ്ലാം.
ഇസ്ലാമിൽ ഏറ്റവും ഉത്തമമായ കാര്യം ഏതാണെന്ന് നബി(സ)യോട് ചോദിക്കപ്പെട്ടപ്പോൾ ഭക്ഷണം നൽകലും പരിചിതർക്കും അല്ലാത്തവർക്കും സലാം ചൊല്ലലുമാണെന്ന പ്രവാചക വചനവും പരസ് പരം സഹായിക്കേണ്ടതിൻ്റെ അനിവാര്യത തര്യപ്പെടുത്തുന്നു.
സമൂഹത്തിൻ്റെ വിശപ്പും വേദനയും ഒരു മുസ്ലിമിൻ്റെ ദുഖവും വേദനയുമാകണം.അപ്പോൾ മാത്രമെ അവൻ്റെ വിശ്വാസം പൂർണ്ണമാവുകയുള്ളൂ. നീ നിൻ്റെ സഹോദരെ സഹായിക്കുമ്പോഴെല്ലാം അല്ലാഹുവിൻ്റെ സഹായം നിനക്കുണ്ടായിരിക്കുമെന്ന നബി വചനം ഇത്തരം ജീവ കാര്യണ്യ പ്രവർത്തനങ്ങൾക്ക് വിശ്വാസിക്ക് ഏറെ പ്രതീക്ഷയും കരുത്തും പകരുന്നതാണ്. ഈയൊരു സന്ദേശമാണ് വിശുദ്ധ റമളാൻ സമൂഹത്തിന് നൽകുന്നത്.
Discussion about this post