പയ്യോളി: മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി പയ്യോളി നഗരസഭ സമ്പൂർണ മാലിന്യമുക്ത നഗര സഭയായി ഇന്ന് പ്രഖ്യാപിക്കും. ഇരിങ്ങൽ സർഗാലയ കരകൗശല ഗ്രാമത്തിൽ ഇന്ന് വൈകീട്ട് 3 ന് നടക്കുന്ന ചടങ്ങിൽ ജില്ല കലക്ടർ സ്നേഹിൽ കുമാർ സിങ് പ്രഖ്യാപനം നിർവഹിക്കുമെന്ന് വാർത്താ സമ്മേളനത്തിൽ നഗരസഭാധ്യക്ഷൻ വി കെ അബ്ദുറഹ്മാൻ പറഞ്ഞു. തുടർന്ന്, വൈകീട്ട് 4 ന് വിവിധ മത്സരപരിപാടികൾ, 5 ന് വിവിധ കലാപരിപാടികൾ, ഗാനസന്ധ്യ, ഓട്ടൻതുള്ളൽ എന്നിവ അരങ്ങേറും.
നഗരസഭ ആരോഗ്യ -ശുചിത്വ രംഗത്ത് ഇതുവരെ നടപ്പിലാക്കിയ പ്രവർത്തനങ്ങളുടെ തുടർച്ചയാണ് ‘സമ്പൂർണ മാലിന്യ മുക്തനഗരസഭ’ പ്രഖ്യാപനം. ആരോഗ്യ ശുചിത്വ രംഗത്ത് നിരവധി പ്രവർത്തനങ്ങൾക്കാണ് നഗരസഭ നേതൃത്വം നൽകിയിട്ടുള്ളത്. ഘട്ടം ഘട്ടമായി നടപ്പിലാക്കിയിട്ടുള്ള വിവിധ പദ്ധതികളാണ് നഗരസഭയെ സമ്പൂർണ മാലിന്യ മുക്തപദവിയിലേക്ക് നഗരസഭയെ നയിച്ചത്. മാലിന്യ സംസ്കരണ രംഗത്ത് നിരവധി പദ്ധതികൾക്കാണ് നഗരസഭ രൂപം നൽകിയത്.
ജൈവമാലിന്യ സംസ്കരണത്തിന് സൗകര്യമില്ലാത്ത 1500 വീടുകൾക്ക് ജൈവമാലിന്യസംസ്കരണ സാമഗ്രികൾ വിതരണം ചെയ്തു. നിരവധി സ്ഥാപനങ്ങളിൽ തുമ്പൂർമുഴി മാലിന്യ സംസ്കരണ മാതൃകയിൽ സൗകര്യമൊരുക്കി.12 സ്കൂളുകളിലടക്കം നിരവധി സ്ഥാപനങ്ങളിലിന്ന് തുമ്പൂർമുഴി മാലിന്യ സംസ്കരണ പ്ലാൻ്റുകളുണ്ട്. മാലിന്യം വലിച്ചെറിയൽ മുക്ത വാരം തുടങ്ങി നിരവധി പദ്ധതികൾക്ക് നേതൃത്വം നൽകി.
ഈ പ്രവർത്തനങ്ങൾക്ക് നഗരസഭയുടെ 52 ഹരിത കർമ സേനാംഗങ്ങളും 12 ശുചീകരണത്തൊഴിലാളികളും ഒപ്പം ജനപങ്കാളിത്തവുമായതോടെ അതിവേഗം ലക്ഷ്യത്തിലേക്ക് എത്താൻ കഴിഞ്ഞു. ഇതിൻ്റെ ഭാഗമായി ആറ് ടൗണുകൾ ഹരിതയിടങ്ങളാക്കി മാറ്റി പ്രഖ്യാപനം നടത്തി. നഗരസഭയുടെ മാലിന്യ നിർമാർജന പ്രവർത്തനങ്ങൾ ശ്രദ്ധിക്കപ്പെട്ടതിൻ്റെ ഭാഗമായി 3500 ചതുരശ്രയടിയിൽ കോട്ടക്കടപ്പുറത്ത് സ്ഥാപിച്ച എം ആർ എഫ് കേന്ദ്രം ജില്ലയിലെ പരിശീലന കേന്ദ്രമായി തിരഞ്ഞെടുത്തു.
തിരുവനന്തപുരത്ത് ഹരിത കേരളം മിഷൻ തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന പരിസ്ഥിതി സംഗമത്തിലേക്ക് പയ്യോളി നഗരസഭയ്ക്ക് പ്രത്യേകം ക്ഷണവും ലഭിച്ചതായി നഗരസഭാധികൃതർ അറിയിച്ചു.
വാർത്താ സമ്മേളനത്തിൽ നഗരസഭാധ്യക്ഷനോടൊപ്പം ഉപാധ്യക്ഷ പത്മശ്രീ പള്ളിവളപ്പിൽ, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ പി എം ഹരിദാസൻ, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ അഷറഫ് കോട്ടക്കൽ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
Discussion about this post