പയ്യോളി: ദേശീയപാതാ വികസനത്തിൻ്റെ മറവിൽ പയ്യോളിയിൽ നടക്കുന്ന മണൽക്കൊള്ളയ്ക്ക് പയ്യോളി വില്ലേജ് ഓഫീസർ സ്റ്റോപ്പ് മെമ്മോ നൽകി. പയ്യോളിയിൽ ദിവസങ്ങളായി തുടരുന്ന, സമീപത്തെ കെട്ടിടങ്ങൾക്ക് ഭീഷണിയായ മണൽ കൊള്ളയെ സംബന്ധിച്ച്ച്ച് പയ്യോളി വാർത്തകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

മണലെടുക്കുന്നതിന് അനുവാദം നൽകിയ ഭൂവുടമക്ക് പിഴ ചുമത്തിയ ശേഷം സ്ഥലം പൂർവ്വസ്ഥിതിയിലാക്കാൻ നിർദ്ദേശിക്കുമെന്നും ഇനിയുമിതാവർത്തിച്ചാൽ കർശന നടപടിയുണ്ടാവുമെന്നും പയ്യോളി വില്ലേജ് ഓഫീസർ എ വി ചന്ദ്രൻ പറഞ്ഞു.അസി. വി ഒ കെ ടി വാസുവും വില്ലേജ് ഓഫീസർക്കൊപ്പമുണ്ടായിരുന്നു.

ദേശീയപാത വികസനത്തിൻ്റെ മറവിലാണ് മണൽകടത്ത് വ്യാപകമായത്. നടപടിയെടുക്കേണ്ടവർ ഉറക്കം തൂങ്ങിയപ്പോൾ രാത്രികൾ പകലാക്കി മണൽകടത്ത് തഴച്ചു വളർന്നു. റോഡുവികസനത്തിനായി ഏറ്റെടുത്ത ഭൂമിയിൽ നിന്നും സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിൽ നിന്നും ആരെയും പേടിക്കാതെയുള്ള മണൽ നീക്കം നിർബാധം തുടർന്നു. ഇതിനാണ് താത്കാലിക വിരാമമായത്.

അർദ്ധരാത്രിയോടെ ടിപ്പർ ലോറികളും മണ്ണ് മാന്തിയന്ത്രവുമായെത്തി മണൽ കൊള്ളയ്ക്ക് ശ്രമിച്ചത് വ്യാപാരികളും കെട്ടിട ഉടമകളും തടഞ്ഞെങ്കിലും ഇവർ തിരിച്ചു പോയതോടെ വീണ്ടും മണൽ കടത്തിയിരുന്നുവത്രെ.
Discussion about this post