പയ്യോളി: നിരവധിയാളുകളുടെ മുന്നിൽ സ്ത്രീത്വത്തെ അപമാനിക്കുകയും ഭീഷണിപ്പെടുത്തി മർദ്ദിക്കുകയും ചെയ്തെന്ന് കാണിച്ച് നൽകിയ പരാതിയിൽ പയ്യോളി പോലീസ് നടപടിയെടുത്തില്ലെന്ന് ആരോപണം. ആശുപത്രിയിൽ ചികിത്സ തേടിയതിന് ശേഷം പരാതിയുമായെത്തിയ യുവതിയെ നിരുത്സാഹപ്പെടുത്തുകയും പരാതിയെ ലഘൂകരിച്ച് കാണിക്കാനുമാണ് പയ്യോളി പോലീസ് തിടുക്കം കാട്ടിയതെന്ന് യുവതി പറഞ്ഞു. ഇവരിൽ നിന്ന് പരാതി സ്വീകരിക്കാൻ പോലും പോലീസ് തയ്യാറായില്ല. ഇക്കഴിഞ്ഞ 17 ന് പയ്യോളി പേരാമ്പ്ര റോഡിലെ കടയിൽ കയറി ഉടമയുടെ ഭാര്യയും സഹായിയുമായ യുവതിയെ വധോദ്ദേശ്യത്തോടെ മർദ്ദിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തെന്ന പരാതിയിലാണ് പോലീസ് അനങ്ങാപ്പാറ നയം സ്വീകരിച്ചതത്രെ. ഇതോടെ യുവതി വടകര റൂറൽ എസ് പിക്ക് പരാതി നൽകി നീതിക്കായി കാത്തിരിക്കുകയാണ്.
കടയിൽ കയറി യുവതിയെയും ഭർത്താവിനെയും അക്രമിച്ചുവെന്ന പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയ ഇവരിൽ നിന്നും പരാതി സ്വീകരിക്കാനോ ഇരയെ കേൾക്കാനോ പോലീസ് തയ്യാറായില്ലത്രെ. യുവതിയും ഭർത്താവും നിർബന്ധിച്ചാവശ്യപ്പെട്ടതോടെയാണ് പരാതി സ്വീകരിച്ചത്. തുടർന്ന് ഇവരുടെ മൊഴിയെടുക്കുകയോ അന്വേഷണം നടത്തുകയോ പോലീസ് ചെയ്തില്ല. ഒരു സ്ത്രീ അപമാനിക്കപ്പെട്ടുവെന്നും അക്രമത്തിനിരയായെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും വ്യക്തമായി എഴുതി നൽകിയ പരാതിയിലാണ് പോലീസിൻ്റെ ഈ കുറ്റകരമായ അലംഭാവം. പോലീസിനെ പ്രതികളുടെ സംഘം സ്വാധീനിച്ചതാകാമെന്ന് യുവതി ആരോപിക്കുന്നു. ഇരയ്ക്ക് ലഭിക്കേണ്ട സാമാന്യ നീതി പോലും ലംഘിക്കപ്പെട്ടതായാണ് ആരോപണം.
പോലീസ് സ്റ്റേഷനിലെ അനുഭവം യുവതി പറയുന്നതിങ്ങിനെ:
“കടയിൽ ഭർത്താവിനെ ആക്രമിക്കുന്നത് കണ്ട് തല്ലല്ലേ എന്ന് പറഞ്ഞ് നിലവിളിച്ചെത്തിയ എന്നെ നാഭിക്കും മറ്റും മർദ്ദിച്ച് താഴെയിട്ടു. വസ്ത്രം വലിച്ചു കീറി നെഞ്ചത്തും മറ്റും ഇടിച്ചു. താഴെ വീണപ്പോൾ ചവിട്ടി. ഓടിക്കൂടിയവരുടെ സഹായത്തോടെ മേലടി സി എച്ച് സി യിലും തുടർന്ന് കൊയിലാണ്ടി ഗവ. ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സ കഴിഞ്ഞ് പരാതിയുമായി സ്റ്റേഷനിലെത്തിയപ്പോൾ പൊതുജന മദ്ധ്യത്തിൽ അപമാനിക്കപ്പെട്ടതിനേക്കാൾ കയ്പേറിയ അനുഭവമായിരുന്നു. പരാതി സ്വീകരിക്കാൻ പോലും മടിച്ചു. ഗതാഗത തടസ്സമുണ്ടാക്കിയതിന് നിങ്ങളുടെ പേരിൽ കേസുണ്ട്, അതുകൊണ്ട് ഈ പരാതി കൊണ്ട് കാര്യമില്ലെന്ന രീതിയിൽ പുച്ഛത്തോടെയായിരുന്നു സംസാരം. മർദ്ദനവും പൊതുജനമധ്യത്തിൽ അപമാനവും ഏറ്റുവാങ്ങേണ്ടി വന്ന ഞാനാണ് കുറ്റക്കാരി എന്ന രീതിയിലാണ് പോലീസ് പ്രതികരിച്ചത്. അതു മാത്രമല്ല കടക്കകത്തുള്ള ഞങ്ങളെങ്ങിനെയാണ് ഗതാഗത തടസ്സമുണ്ടാക്കുക.? സംഘർഷത്തിനായി വന്നവരല്ലേ അതു ചെയ്തത്.
പരാതി നൽകി തിരിച്ചു വന്നിട്ടും ഒന്നു മൊഴിയെടുക്കാനോ അക്രമത്തെ കുറിച്ച്, വിളിച്ചോ നേരിട്ടോ അന്വേഷിക്കാനോ പോലീസ് തയ്യാറായില്ല. ഇതിനെ തുടർന്ന് വടകര റൂറൽ എസ്പിക്ക് പരാതി നൽകിയിട്ടുണ്ട്. നീതി ലഭിക്കുമെന്ന് തന്നെയാണ് ഉറച്ച വിശ്വാസം.”
Discussion about this post