പയ്യോളി: ഓട്ടോറിക്ഷയിൽ കാർഡ് ബോർഡ് പെട്ടികളിലാക്കി കടത്തുകയായിരുന്ന 260 കുപ്പി ഇന്ത്യൻ നിർമിത വ്യാജ വിദേശമദ്യമാണ് പിടിച്ചെടുത്തത്. ഓട്ടോ ഉപേക്ഷിച്ച് ഡ്രൈവർ ഓടി രക്ഷപ്പെട്ടു.
ഇന്ന് പുലർച്ചെ 5.20 ഓടെയാണ് ഓട്ടോയിൽ കടത്തുകയായിരുന്ന വ്യാജ വിദേശ മദ്യം പയ്യോളി പോലീസ് പിടികൂടിയത്. പോലീസിൻ്റെ വാഹന പരിശോധനക്കിടയിലാണ് മദ്യവേട്ട. പരിശോധന ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് തിരിച്ചു പോകാൻ ശ്രമിക്കുകയായിരുന്ന ഓട്ടോയെ പോലീസ് തടയുകയായിരുന്നു. ഇതോടെ ഓട്ടോ ഉപേക്ഷിച്ച് ഡ്രൈവർ കടന്നുകളഞ്ഞു. തുടർന്നുള്ള പരിശോധനയിലാണ് കാർഡ് ബോഡ് പെട്ടികളിലായി സൂക്ഷിച്ച 500 മില്ലി ലിറ്ററിൻ്റെ 260 കുപ്പി അനധികൃത വിദേശമദ്യം കണ്ടെത്തിയത്. ഏകദേശം 80,000 രൂപയോളം വിപണി വില കണക്കാക്കുന്നു.
മാഹി ഭാഗത്ത് നിന്നും കൊയിലാണ്ടി ഭാഗത്തേക്ക് KL 11 AM 7233 ഓട്ടോയിൽ കൊണ്ടുവരിയായിരുന്ന മദ്യമാണ് വാഹന പരിശോധനക്കിടെ പിടിച്ചെടുത്തത്. ദേശീയ പാതയിൽ ടൗണിന് വടക്ക് ഭാഗത്ത് വെച്ചാണ് പോലീസ് ഓട്ടോ തടഞ്ഞ് മദ്യം പിടിച്ചെടുത്തത്. പയ്യോളി സിഐ കെ സി സുഭാഷ് ബാബുവിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് മദ്യം പിടികൂടിയത്. സംഘത്തിൽ എസ് ഐ പി എം സുനിൽകുമാർ, എസ് ഐ പി രമേശൻ, വി ജിജോ, കെ സുനിൽ, എം കെ ഷിജു എന്നിവരുമുണ്ടായിരുന്നു.
Discussion about this post