പയ്യോളി: പതിറ്റാണ്ടുകളായി കുടിവെള്ള ദൗർലഭ്യം അനുഭവിക്കുന്ന പയ്യോളി നഗരസഭയുടെ പടിഞ്ഞാൻ പ്രദേശത്തെ ജനങ്ങൾക്ക് പ്രതീക്ഷയുടെ നീരുറവയുമായി പയ്യോളി മുൻസിപ്പൽ മുസ്ലീം ലീഗ് കമ്മിറ്റി. ആധുനിക സൗകര്യങ്ങളുപയോഗിച്ച് ശുദ്ധീകരിച്ച കുടിവെള്ളം ലഭ്യമാക്കുന്ന ബൃഹത്തായ പദ്ധതിയാണ് ലീഗ് കമ്മിറ്റി സുമനസ്സുകളുടെ സഹായത്തോടെ ഒരുക്കുന്നത്. 300 ഓളം കുടുംബങ്ങൾക്ക് പ്രയോജനകരമാകുന്ന പദ്ധതി മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ നാളെ (ഞായർ) നാടിന് സമർപ്പിക്കും.
പയ്യോളി നഗരസഭയിലെ 25, 26, 28 ഡിവിഷനുകളിലെ ജനങ്ങൾ കാലങ്ങളായി അനുഭവിച്ചു പോരുന്ന ദുരിതത്തിനാണ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ സ്മാരക കുടിവെള്ള പദ്ധതിയിലൂടെ അറുതിയാവുന്നത്. ആധുനിക ശുദ്ധീകരണ ഉപകരണങ്ങളുടെ സഹായത്തോടെയാണ് കുടിവെള്ള പദ്ധതി സജ്ജീകരിച്ചിട്ടുള്ളത്.
ദേശീയപാതാ വികസനത്തിൻ്റെ ഭാഗമായി രണ്ടാം ഗേറ്റിന് സമീപമുണ്ടായിരുന്ന, പ്രദേശത്തെ സാധാരണക്കാരായ ജനങ്ങൾ ഉപയോഗിച്ചു വരുന്ന കിണർ നഷ്ടപ്പെട്ടതും, കാലാകാലങ്ങളായി പയ്യോളിയിലെ പടിഞ്ഞാറൻ പ്രദേശം അനുഭവിക്കുന്ന കുടിവെള്ള ക്ഷാമവുമാണ് പദ്ധതി ഏറ്റെടുത്ത് നടപ്പാക്കുന്നതിന് പ്രേരകമായത്. കണ്ണംകുളം മഹല്ല് കമ്മിറ്റിയുടെ അടിസ്ഥാന പശ്ചാത്തല സൗകര്യം ഉപയോഗപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
റോഡരികിൽ, ജനത്തിന്ന് ഏതു സമയവും ജലം ശേഖരിച്ചു കൊണ്ടുപോകാൻ കഴിയാവുന്ന രീതിയിലാണ് സജ്ജീകരിച്ചിട്ടുള്ളത്. വെള്ളം ശേഖരിക്കാനുള്ള വാട്ടർ കാനും കമ്മിറ്റി നൽകുന്നുണ്ട്. നേരത്തേ, 30 -ാംഡിവഷനിൽ ആവിത്താര പ്രദേശത്ത് 30 ഓളം കുടുംബങ്ങൾക്ക് സഹായകമാകുന്ന കുടിവെള്ള പദ്ധതി ഖത്തർ കെ എം സി സി യുടെ സഹായത്തോടെ ലീഗ് കമ്മിറ്റി നടപ്പിലാക്കിയിരുന്നു. ഇതിൻ്റെ തുടർച്ചയായാണ് പുതിയ പദ്ധതിക്ക് രൂപം നൽകിയിട്ടുള്ളത്.
ഞായറാഴ്ച രാവിലെ 10.30 ന് പദ്ധതി നാടിന് സമർപ്പിക്കും.മുസ്ലിം യൂത്ത് ലീഗ് ജില്ലാ അധ്യക്ഷൻ മിസ്ഹബ് കീഴരിയൂർ മുഖ്യപ്രഭാഷണം നടത്തും. ചടങ്ങിൽ പയ്യോളി മുൻസിപ്പൽ മുസ്ലിം ലീഗ് അധ്യക്ഷൻ സി പി സദഖത്തുള്ള അധ്യക്ഷത വഹിക്കും.
25, 26, 28 ഡിവിഷനുകളിൽ പതിറ്റാണ്ടുകളായി അനുഭവിക്കുന്ന ജലദൗർലഭ്യം പരിഹരിക്കാൻ കഴിയുന്നു എന്നത് സന്തോഷം പകരുന്നുവെന്നും കോടികൾ മുടക്കി കെട്ടിപ്പൊക്കുന്ന ജപ്പാൻ കുടിവെള്ള പദ്ധതിയും മറ്റു പദ്ധതികളും നോക്കുകുത്തിയാവുന്ന സമീപകാല സാഹചര്യത്തിൽ നൂറുകണക്കിന് കുടുംബങ്ങൾക്ക് സമാശ്വാസമാകും ഈ പദ്ധതിയെന്ന് മുൻസിപ്പൽ ലീഗ് അധ്യക്ഷൻ സി പി സദഖത്തുള്ള ‘പയ്യോളി വാർത്തകളോട്’ പറഞ്ഞു.
മറ്റ് സംഘടനകൾ സമരങ്ങളുമായി മുന്നോട്ട് പോകുമ്പോൾ ലീഗ് ക്രിയാത്മകമായ പദ്ധതികളാണ് ജനങ്ങൾക്ക് വേണ്ടി സമർപ്പിക്കുന്നത്. നഗരസഭയിലെ തീരദേശ മേഖലയിലെ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളെ കണ്ടെത്തി ചെറുകിട പദ്ധതികൾ നടപ്പാക്കാനും ലീഗ് ആലോചിക്കുന്നതായി അദ്ദേഹം പറഞ്ഞു. പ്രവാസികളും നാട്ടിലുള്ളവരുമായ സുമനസ്സുകളുടെ സഹകരണത്തോടെയാണ് ഇത്തരം പദ്ധതികളുടെ പൂർത്തീകരണമെന്നും സദഖത്തുള്ള പറഞ്ഞു.
Discussion about this post