പയ്യോളി: നഗരസഭയുടെ സ്വപ്ന പദ്ധതിയായ ‘ഒരില ഒരുതുള്ളി ഒരിടം’ ക്ലീൻ പയ്യോളിയുടെ രണ്ടാം ഘട്ട പ്രവർത്തനങ്ങൾ ആരംഭിക്കുന്നു. സ്വപ്ന പദ്ധതിയുടെ തുടർപ്രവർത്തനങ്ങളുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ വടക്കയിൽ ഷഫീഖ് മാർച്ച് 12 ന് വൈകുന്നേരം പയ്യോളി ബീച്ച് റോഡിൽ വെച്ച് ഉദ്ഘാടനം ചെയ്യും. തുടർന്ന് മാർച്ച് 13 ഞായറാഴ്ച പൊതുജന പങ്കാളിത്തത്തോടെ പയ്യോളി ടൗൺ സമ്പൂർണ്ണ ശുചീകരണം നടത്തും.
പയ്യോളി നഗരസഭയായതിന് ശേഷം 2016 ഏപ്രിൽ 7ന് ആരംഭിച്ച ഒന്നാം ഘട്ട പദ്ധതി പ്രകാരം 100 ലോഡ് അജൈവ പാഴ് വസ്തുക്കൾ ശേഖരിച്ച് സംസ്കരണ കേന്ദ്രത്തിൽ എത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. അഴകുള്ള പയ്യോളിക്കായി നാടൊന്നിച്ച് അണിനിരന്നപ്പോൾ നിരവധി ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ സാധിച്ചു. ‘ശുചിത്വം സുന്ദരം എൻ്റെ വിദ്യാലയം’ എന്ന പേരിൽ സ്കൂളുകളിൽ നടപ്പിലാക്കിയ പരിപാടിയുടെ ഭാഗമായി ബിന്നുകളും ബോധവൽക്കരണ നിർദ്ദേശമ്പോർഡുകളും നല്കിയിട്ടുണ്ട്. സമുദ്രതീരം സുന്ദര തീരം എന്ന പേരിൽ 6 കിലോമീറ്റർ കടലോരം ശുചീകരിച്ചു. സീറോ വേസ്റ്റ് മാതൃക പിന്തുടർന്ന് ജൈവ മാലിന്യങ്ങൾ ഉറവിടങ്ങളിലും അജൈവ പാഴ് വസ്തുക്കൾ ശേഖരിച്ച് തരം തിരിച്ച് സംസ്കരിക്കുന്നതിന് ഹരിതകർമ്മസേന വഴി സ്ഥിരം സംവിധാനമുണ്ടാക്കി.
ആറായിരത്തോളം വീടുകളിൽ ഗാർഹിക കമ്പോസ്റ്റിംഗ് യൂണിറ്റുകൾ വിതരണം ചെയ്തു.
പയ്യോളിയെ വൃത്തിയും, വെടിപ്പും, അഴകുമുള്ള സമ്പൂർണ്ണ ശുചിത്വ നഗരസഭയായി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങളാണ് രണ്ടാം ഘട്ടത്തിൽ നടപ്പിലാക്കുന്നത്.
ഒരു മാസക്കാലം തുടർച്ചയായ ശുചീകരണ പ്രവർത്തനങ്ങൾ നടത്തും. നഗരസഭയിലെ എല്ലാ പൊതുയിടങ്ങളും മാലിന്യ നിക്ഷേപ കേന്ദ്രങ്ങളും വൃത്തിയാക്കി സൗന്ദര്യവൽക്കരിക്കും. എല്ലാ പാതയോരങ്ങളും കാടുവെട്ടി മാലിന്യങ്ങൾ നീക്കി സുന്ദരമാക്കും. മാലിന്യ നിക്ഷേപം തടയുന്നതിന് ബോർഡുകൾ സ്ഥാപിക്കും. നഗരസഭയിലെ എല്ലാ ഡിവിഷനുകളിലും ശുചീകരണ പ്രവർത്തനങ്ങൾ നടത്തും. കക്ഷിരാഷ്ട്രീയ സംഘടനാ ഭേദമന്യേ പൊതുജനങ്ങളുടെ പൂർണ്ണമായ പിന്തുണ രണ്ടാം ഘട്ട പദ്ധതിയിൽ ഉറപ്പ് വരുത്തും.



































Discussion about this post