പയ്യോളി: വിദ്യാർഥി സംഘർഷം തെരുവിലേക്ക് വളരുന്നു. പയ്യോളി ഗവ: ഹൈസ്കൂളിൽ തുടങ്ങിയ വിദ്യാർഥി സംഘർഷം പലയിടത്തായി വ്യാപിച്ചു. ഇത് നാട്ടുകാർക്കും രക്ഷിതാക്കൾക്കും തലവേദനയായി മാറി. കഴിഞ്ഞ ദിവസം പയ്യോളി ബസ് സ്റ്റാൻഡിലായിരുന്നു കയ്യാങ്കളി. തെരുവിലേക്കെത്തിയതോടെ വിവിധ സ്കൂളുകളിലെ വിദ്യാർഥികൾ തമ്മിലുള്ള സംഘട്ടനമായത് മാറി. പയ്യോളി ഹൈസ്കൂൾ, ചിങ്ങപുരം ഹയർ സെക്കണ്ടറി സ്കൂൾ, കോട്ടക്കൽ കുഞ്ഞാലി മരയ്ക്കാർ ഹയർ സെക്കണ്ടറി സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർഥികളാണ് ഇന്ന് നെല്യേരി മാണിക്കോത്ത് -ഹൈസ്കൂൾ റോഡിൽ ഉരൂക്കര വയലിന് സമീപം ഏറ്റുമുട്ടിയതെന്ന് നാട്ടുകാർ പറഞ്ഞു. പോലീസ് വാഹനം കാണുമ്പോൾ ഇടവഴികളിലേക്കും സമീപത്തെ വീടുകളുടെ പിന്നാമ്പുറങ്ങളിലേക്കും വലിയുന്ന വിദ്യാർഥികൾ പോലീസ് കടന്നു പോകുന്നതോടെ വീണ്ടും അടിപിടി തുടരുന്നു. അവസാനം നാട്ടുകാരിടപെട്ടാണ് വിദ്യാർഥികളെ ഒരു പരിധി വരെയെങ്കിലും ഒഴിവാക്കിയെടുത്ത് പറഞ്ഞയച്ചത്.
കഴിഞ്ഞ ഒരാഴ്ചയായി പലയിടത്തുമായി വളരുന്ന സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് അറിയുന്നു. പയ്യോളി ഹൈസ്കൂളിൽ വിദ്യാർഥികൾ തമ്മിലുണ്ടായ അടിപിടിയാണ് സംഘർഷത്തിലേക്ക് വളർന്നത്. കാരണങ്ങൾ ചോദിച്ചു ചെന്നാൽ ആർക്കുമറിയില്ലെന്നതാണ് രസകരം. സംഭവങ്ങളെക്കുറിച്ച് വിശദമായ വിവരങ്ങൾ പോലീസിനുമറിയില്ലത്രെ. ഇതുമായി ബന്ധപ്പെട്ട് കേസുകളൊന്നും എടുത്തിട്ടില്ലെന്ന് പോലീസും പറയുന്നു. കഴിഞ്ഞ ദിവസം സ്റ്റാൻ്റിലുണ്ടായ കൈയ്യാങ്കളിയെ തുടർന്ന് ഇന്ന് ഇവിടെ രണ്ടു പോലീസുകാരെ ഏർപ്പെടുത്തിയിട്ടുണ്ട്.
സംഘർഷം വളരുന്നതോടെ രക്ഷിതാക്കൾ ആശങ്കയിലാണ്. പോലീസ് നടപടിയുടെ അഭാവവും സ്കൂളധികൃതരുടെ നിസ്സംഗതയുമാണ് സംഘർഷം നിലയ്ക്കാത്തതിന് കാരണമെന്നാണ് രക്ഷിതാക്കൾ പറയുന്നത്. ഒരു ദുരന്തം സംഭവിച്ചിട്ട് നടപടികളെടുക്കുന്നതിനേക്കാൾ ഭേദം അതുണ്ടാവാതെ സൂക്ഷിക്കുന്നല്ലേയെന്നാണ് രക്ഷിതാക്കളുടെ ചോദ്യം.
Discussion about this post