കൊയിലാണ്ടി: താത്കാലിക അധ്യാപകരെ നിയമിക്കാൻ സ്കൂളിൽ നടക്കുന്ന അഭിമുഖത്തിലും, സ്കൂളിൽ നടത്തിയ പി ടി എ ഫണ്ട് പിരിവിലും, സ്കൂൾ ചുറ്റുമതിൽ പൊളിച്ചതിലും, മരം മുറിയിലും, നാടകോത്സവം നടത്തി പണം സ്വരൂപിച്ചതിലുമടക്കം വ്യാപക ക്രമക്കേട് നടന്നിട്ടുണ്ടെന്നും ഹെഡ്മാസ്റ്ററെ പ്രതി ചേർത്ത് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് യൂത്ത് കോൺഗ്രസ് കൊയിലാണ്ടി നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

താത്കാലിക അധ്യാപകരെ നിയമിക്കാൻ സ്കൂളിൽ നടക്കുന്ന അഭിമുഖങ്ങളിൽ ജില്ലാ പഞ്ചായത്ത് അംഗങ്ങളാണ് സാധാരണ പങ്കെടുക്കാറുള്ളത്. എന്നാൽ പയ്യോളി അങ്ങാടി ഡിവിഷൻ അംഗമായ വി പി ദുൽഖിഫിൽ അഭിമുഖത്തിൽ പങ്കെടുക്കുന്നതിൽ പ്രയാസമുണ്ടെന്ന് ഹെഡ്മാസ്റ്റർ പറഞ്ഞതിന് കാരണം, സ്കൂളിൽ നടത്തിയ അഴിമതികൾ പരസ്യമായി ചോദ്യം ചെയ്തതിനാലാണെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു.

രാഷ്ട്രീയ വിദ്വേഷം വെച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയായ ജനപ്രതിനിധിയെ മനപ്പൂർവ്വം മാറ്റി നിർത്താനും, അപമാനിക്കാനും ഹെഡ്മാസ്റ്റർ ഇനിയും ശ്രമിച്ചാൽ സംഘടനാപരമായി ഏത് വിധേനയും അതിനെ നേരിടുമെന്ന് നിയോജകമണ്ഡലം പ്രസിഡന്റ് അജയ് ബോസ് പറഞ്ഞു.

യോഗത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഇ കെ ശീതൾ രാജ്, നിയോജകമണ്ഡലം ഭാരവാഹികളായ നിധിൻ പൂഴിയിൽ, തൻഹീർ കൊല്ലം, അഭിനവ് കണക്കശ്ശേരി, അക്ഷയ് ബാബു, കെ കെ രതീഷ് എന്നിവർ സംസാരിച്ചു.

Discussion about this post