തിക്കോടി: പയ്യോളി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ പ്രധാന അധ്യാപകൻ ജില്ലാ പഞ്ചായത്ത് അംഗം വി പി ദുൽഖിഫിലിനെ അവഹേളിക്കുന്നത് അപലപനീയമാണെന്ന് തിക്കോടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി.

ഹൈസ്കൂളിൽ നടന്ന ജനകീയ വിഭവ സമാഹരണവുമായി ബന്ധപ്പെട്ട പരിപാടികളിലെ ക്രമക്കേടുകളെക്കുറിച്ചും അനധികൃതമായി മരം മുറിച്ചുമാറ്റിയ സംഭവവുമായി ബന്ധപ്പെട്ടും ജില്ലാ വിദ്യാഭ്യാസ ഡയറക്ടർക്ക് ജില്ലാ പഞ്ചായത്ത് അംഗം പരാതികൊടുക്കുകയും അതിൻറെ പേരിൽ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട് . എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും അന്വേഷണറിപ്പോർട്ട് ഇതുവരെ പുറത്തു വന്നിട്ടില്ല.

കോവിഡ് കാലത്തെ മറപിടിച്ചു കൊണ്ടും, പി ടി എ പൂർണമായി വിളിച്ചു ചേർക്കാതെയും ചില മെമ്പർമാരുടെയും പിടിഎ പ്രസിഡന്റിന്റെയും പിന്തുണയിലാണ് പ്രധാനാധ്യാപകൻ ഇത്തരത്തിലുള്ള സമീപനം സ്വീകരിക്കുന്നതെന്ന് കമ്മറ്റി ആരോപിച്ചു. ജില്ലാ പഞ്ചായത്തിൻറെ പരിധിയിൽ വരുന്ന സ്കൂളിലെ പ്രധാന അധ്യാപകൻ ജില്ലാ പഞ്ചായത്ത് മെമ്പർ വി പി ദുൽഖിഫിലിനെ അവഹേളിച്ചതിനെതിരെ ശക്തമായ നിയമ നടപടികൾ വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കണമെന്നും, അല്ലാത്തപക്ഷം പ്രത്യക്ഷ സമരത്തിന് പാർട്ടി നേതൃത്വം നൽകുമെന്നും യോഗം മുന്നറിയിപ്പ് നൽകി.

കോൺഗ്രസ് ജില്ലാ സെക്രട്ടറി സന്തോഷ് തിക്കോടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് രാജീവൻ കൊടലൂർ അധ്യക്ഷത വഹിച്ചു. കെ പി രമേശൻ, അഷറഫ് അങ്ങാടി, പി കെ ചോയി, ജയകൃഷ്ണൻ ചെറുകുറ്റി, സുധീർ മാസ്റ്റർ, ബിനു കാരോളി, പി ടി ശശീന്ദ്രൻ പ്രസംഗിച്ചു.
Discussion about this post