തിക്കോടി: പയ്യോളി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ മൈതാനത്ത് നിന്നും മണ്ണൊലിച്ച് കുഴികളും വിള്ളലുകളും രൂപപ്പെട്ടു. ദേശീയപാതാ വികസനത്തിൻ്റെ ഭാഗമായി മതിൽ പൊളിച്ചതാണ് മണ്ണൊലിപ്പിന് കാരണമായത്. 25 മീറ്ററോളം ഭാഗത്തെ മണലാണ് ഒലിച്ചുപോയത്. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിലാണ് മണ്ണിടിച്ചിൽ.

മഴയിൽ മണൽ മുഴുവൻ ദേശീയ പാതയിലേക്ക് ഒഴുകിപ്പോയി. പൊളിച്ച മതിൽ വീണ്ടും പണിയാതെ ഗുരുതരമായ അനാസ്ഥയാണ് സ്കൂളധികൃതരിൽ നിന്നും ഉണ്ടായതെന്നും ഇതാണ് മണലൊലിച്ച് പോകാൻ കാരണമെന്നും നാട്ടുകാർ ആരോപിക്കുന്നു.

ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് നാഷണൽ ഹൈവേ അതോറിറ്റി സ്ഥലമേറ്റെടുത്തതോടെ സ്കൂളിന്റെ ചുറ്റുമതിൽ നേരത്തേ കരാറെടുത്ത കമ്പനി പൊളിച്ചിരുന്നു. എന്നാൽ പകരം സംവിധാനമുണ്ടാക്കാൻ സ്കൂൾ അധികൃതരോ, പി ടി എ യോ ജില്ലാ പഞ്ചായത്തോ തയ്യാറായില്ല.

തുടർന്ന്, മതിൽക്കെട്ട് പൊളിച്ചെടുത്ത കല്ലും കാണാതെയായി. മതിൽ പൊളിച്ച നൂറ് കണക്കിന് ലോഡ് കരിങ്കല്ലാണ് ഇവിടെ നിന്നും കടത്തിക്കൊണ്ടുപോയിട്ടുള്ളത്. സ്കൂളധികൃതർ മനസ്സുവെച്ചിരുന്നുവെങ്കിൽ ഈ കരിങ്കല്ലുപയോഗിച്ച് മതിൽ കെട്ടി മൈതാനം സംരക്ഷിക്കാമായിരുന്നു. ഇന്നലെയുണ്ടായ മണ്ണൊലിപ്പും ഉണ്ടാകുമായിരുന്നില്ല.

ഇവിടെ നിന്നും ലക്ഷങ്ങൾ വിലവരുന്ന കരിങ്കല്ല് കടത്തിയെന്നത് മാത്രമല്ല, ദേശീയ പാതാ വികസനത്തിൻ്റെ പേരിൽ വ്യാപകമായി മണലും കടത്തുകയാണ്. രാത്രിയുടെ മറവിലാണ് മണൽ കടത്തുന്നതെന്ന് നാട്ടുകാർ പറയുന്നു. രൂക്ഷമായ മണലെടുപ്പും മതിൽക്കെട്ടില്ലാത്തതും കാരണം കഴിഞ്ഞ ദിവസം പെയ്ത മഴയിൽ ഗ്രൗണ്ടിലെ പടിഞ്ഞാറ് ഭാഗത്തെ മണലാണ് ഒലിച്ചുപോയത്.

ചുറ്റുമതിൽ നിർമാണത്തിലുള്ള അനാസ്ഥയിൽ നിന്നും മണൽ കടത്തുന്നതിൻ്റെയും ഉത്തരവാദിത്തത്തിൽ നിന്ന് സ്കൂളധികൃതർക്ക് ഒഴിഞ്ഞു മാറാൻ കഴിയില്ല.



Discussion about this post