തിക്കോടി: പയ്യോളി ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ ക്രമക്കേടുകളെ കുറിച്ച് അന്വേഷിച്ച് രണ്ടു ദിവസത്തിനകം റിപ്പോർട്ട് നൽകാനാവശ്യപ്പെട്ട് കോഴിക്കോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടർ സുരേഷ് കുമാർ പുതിയപുരയിൽ ഉത്തരവിട്ടു. വടകര ജില്ലാ വിദ്യാഭ്യാസ ഓഫീസർക്കാണ് അന്വേഷണ ചുമതല.
പരാതിയിന്മേൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് ഉടൻ സമർപ്പിക്കണമെന്നാണ് നിർദ്ദേശം. പയ്യോളി ജി വി എച്ച് എസ് എസിൽ നാടകോത്സവം നടത്തുന്നതും, സ്കൂൾ കോമ്പൗണ്ടിലെ മരം മുറിച്ചതുമായി ബന്ധപ്പെട്ടതും, പി ടി എ പുനഃസംഘടിപ്പിക്കാത്തതും, പി ടി എ ഫണ്ട് വിനിയോഗ കാര്യങ്ങളിലും രേഖപ്പെടുത്തിയ പരാതിയുടെ അടിസ്ഥാനത്തിൽ സ്കൂൾ സന്ദർശിച്ച് നേരിൽ അന്വേഷണം നടത്തി വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം. ജില്ലാ പഞ്ചായത്ത് അംഗം വി പി ദുൽഖിഫിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡെപ്യൂട്ടി ഡയരക്ടറുടെ നടപടി.
ജില്ലാ പഞ്ചായത്തിൻ്റെ ഭരണ നിയന്ത്രണത്തിൽ വരുന്ന പയ്യോളി ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ വ്യാപക ക്രമക്കേടെന്നും സ്കൂളിൽ നടപ്പാക്കുന്ന ഒരു പദ്ധതിയും ജില്ലാ പഞ്ചായത്തിൻ്റെ അനുവാദമില്ലാതെയാണെന്നും സൂചിപ്പിച്ച്, ഇതു സംബന്ധിച്ച് അന്വേഷണമാവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് അംഗം വി പി ദുൽഖിഫിൽ കോഴിക്കോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടർക്ക് പരാതി നൽകിയിരുന്നു. വ്യാപകമായ, നിർബന്ധ പണപ്പിരിവും ടിക്കറ്റ് വിൽപനയും നടത്തുന്നത്, ബന്ധപ്പെട്ട അധികാരികളുടെയോ ജില്ലാ പഞ്ചായത്തിൻ്റെയോ മുൻകൂർ അനുമതി വാങ്ങാതെയാണെന്നും പരാതിയിൽ പറയുന്നു. സ്കൂൾ കോമ്പൗണ്ടിലെ മരംമുറിച്ചതും ലേലം ചെയ്യുന്നതുമായി ഒന്നും തന്നെ ജില്ലാ പഞ്ചായത്തിനെയോ ബന്ധപ്പെട്ട വകുപ്പുകളെയോ അറിയിച്ചിട്ടില്ല.
2019 ൽ നിലവിൽ വന്ന പി ടി എ, പുനഃസംഘടന നടക്കാതെയാണ് തുടരുന്നതെന്നും ഇത്രയും വലിയ ഫണ്ട് കൈകാര്യം ചെയ്യാനുള്ള യോഗ്യത പി ടി എക്കുണ്ടോയെന്നും, പി ടി എ ഫണ്ടുമായി ബന്ധപ്പെട്ട് നാളിതേവരെ ഓഡിറ്റോ മറ്റു പരിശോധനകളോ നടന്നിട്ടില്ലെന്നും ജില്ലാ പഞ്ചായത്തംഗം ദുൽഖിഫിൽ പരാതിയിൽ ആരോപിച്ചിരുന്നു.
Discussion about this post