പയ്യോളി: കുന്നും മലയും ഇടിച്ചിറക്കി ചതുപ്പും വയലുകളും നികത്തിയെടുത്ത് ജൈത്രയാത്ര തുടരുകയാണവൻ. അടുത്ത ദിവസം പയ്യോളിയിലുമെത്തും. പയ്യോളിയുടെ മൂല്യമാർന്ന, സമ്പന്നമായ പൈതൃകത്തിൻ്റെ ശേഷിപ്പ് ഇടിച്ച് നിരത്തി വിസ്മൃതിയിലേക്ക് നയിക്കും. പയ്യോളിക്ക് മുഖമില്ലാതാവും.
വടകര മുതൽ മൂരാട്, ഇരിങ്ങൽ, അയനിക്കാട്, തിക്കോടി നന്തി വരെ പയ്യോളിയൊഴിച്ചുള്ള ഭാഗങ്ങളിലെല്ലാം തന്നെ നൂറുകണക്കിന് കെട്ടിടങ്ങൾ പൂർണമായും പൊളിച്ചുനീക്കി കഴിഞ്ഞു. ആയിരക്കണക്കിന് വൃക്ഷങ്ങളുടെയും വേരറുത്തു. പാതയോരം തരിശായി മാറി. എൻ എച്ച് അതോറിറ്റി ഏറ്റെടുത്ത സ്ഥലങ്ങളിൽ അതിവേഗം ജോലിയാരംഭിച്ചു. വയലുകളും ചതുപ്പുകളും നികത്തപ്പെട്ടു.
ഇപ്പോൾ ഇരുഭാഗത്തു നിന്നുമുള്ള അക്രമണം പയ്യോളിയിലേക്കടുക്കുകയാണ്. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിലുള്ള കച്ചവടക്കാരുടെ എതിർപ്പുകാരണമാണ് ഇത്തിരിയെങ്കിലും താമസിച്ചത്. വ്യാപാരികൾക്ക് അവരാവശ്യപ്പെടുന്ന നഷ്ടപരിഹാരം അനുവദിച്ചുവെന്നറിഞ്ഞതോടെ തിങ്കളാഴ്ചയോടെ അവരും ഒഴിഞ്ഞു കൊടുക്കും.
ഇതോടെ തിങ്കളാഴ്ച മുതൽ പയ്യോളിയുടെ മുഖത്ത് ഭീമൻ യന്ത്രക്കൈകൾപതിയും. നൂറ്റാണ്ടുകളുടെ കഥ പറയുന്ന പയ്യോളിയുടെ സംസ്കാരത്തെ പിഴുതെറിയും. ശേഷിപ്പായി ബസ്സ് സ്റ്റാൻ്റ് നിലനിർത്തുമെങ്കിലും പയ്യോളി അടുത്ത ദിവസം തന്നെ കോൺക്രീറ്റ് അവശിഷ്ടങ്ങളുടെ കൂമ്പാരമാകും. എല്ലാം വികസനത്തിന് വേണ്ടിയാണല്ലോ എന്നതാണൊരു ആശ്വാസം.
ശ്രദ്ധിക്കുക:
കെട്ടിടങ്ങൾ യന്ത്രങ്ങൾ ഉപയോഗിച്ച് പൊളിച്ചടുക്കുമ്പോൾ കല്ലുകളും കോൺക്രീറ്റ് അവശിഷ്ടങ്ങളും പുറത്തേക്ക് തെറിച്ച് ദേഹത്ത് വീണും മറ്റും അപകടങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്. ജാഗ്രത പാലിക്കണമെന്ന് നഗരസഭാധ്യക്ഷൻ ഷഫീഖ് വടക്കയിൽ അറിയിക്കുന്നു.
Discussion about this post