പയ്യോളി: ബേക്കറി ഉടമയായ പയ്യോളി സ്വദേശിയെ മാരക മയക്കുമരുന്നായ എം ഡി എം എ യുമായി അറസ്റ്റു ചെയ്ത സാഹചര്യത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ജനജാഗ്രതാ സമിതി എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. പയ്യോളി മുനിസിപ്പാലിറ്റിയിലെ പ്രദേശങ്ങളിൽ വിവിധ തരത്തിലുള്ള മയക്കുമരുന്നുകളുടെ ഉപയോഗവും വിൽപ്പനയും വർദ്ധിച്ചു വരുന്നതിൽ കടുത്ത ആശങ്കയും പ്രതിഷേധവും യോഗം രേഖപ്പെടുത്തി.
ലഹരി കേസുമായി ബന്ധപ്പെട്ട മുഴുവൻ കുറ്റവാളികളേയും നിയമത്തിനുമുമ്പാകെ കൊണ്ടുവരണമെന്നും മയക്കുമരുന്നു ഇടപാടിൽ കണ്ണികളായവർ വലിയ സ്വാധീനം ഉള്ളവർ ആണെന്ന കാര്യം വ്യക്തമാണെന്നും, ഈ സാഹചര്യത്തിൽ കേസിൽ ഉയർന്ന തലത്തിലുള്ള അന്വേഷണം നടത്തണമെന്നും പ്രതികളുടെ സാമ്പത്തിക ഇടപാടുകൾ കൂടി അന്വേഷണവിധേയമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കോവിഡ് പ്രോട്ടോക്കോൾ അനുവദിക്കുന്ന മുറക്ക്, പ്രത്യക്ഷ പ്രതിഷേധ – സമര പരിപാടികൾക്ക് രൂപം നൽകും. കൂടാതെ മുഖ്യമന്ത്രി, വകുപ്പു മന്ത്രി, ജില്ലാ കലക്ടർ, എക്സൈസ് കമ്മീഷണർ എന്നിവർക്ക് പരാതി നൽകും.
യോഗത്തിൽ എം സമദ്, ബഷീർ മേലടി, ബിജു വടക്കയിൽ, കെ ടി സിന്ധു, നിസാർ പയലൻ, ഇ കെ ശീതൾ രാജ്, ജോഷിത്ത് ഊളയിൽ, ജനജാഗ്രതാസമിതി ചെയർമാൻ രാജൻ കൊളാവിപ്പാലം, കൺവീനർ കുനിയിൽ വേണുഗോപാലൻ പ്രസംഗിച്ചു.
Discussion about this post