പയ്യോളി: ഒരു ജന പ്രതിനിധിക്ക് ആരെയും ആശ്രയിക്കാതെ വികസന ഫണ്ടുകൾ ഉപയോഗിക്കാൻ തക്കവണ്ണം, നിലവിലുണ്ടായിരുന്ന 75 ലക്ഷം രൂപയിൽ നിന്നും ഒറ്റയടിക്ക് 6 കോടി രൂപയിലേക്ക് ഉയർത്തി നാടിൻ്റെ വികസന സ്വപ്നം യാഥാർഥ്യമാക്കിയത് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴായിരുന്നുവെന്ന് കെ മുരളീധരൻ അനുസ്മരിച്ചു. പയ്യോളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണവും സർവമത പ്രാർഥനയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുൻ കെ പി സി സി അധ്യക്ഷനും എം പിയുമായിരുന്ന കെ മുരളീധരൻ.
പ്രധാനമന്ത്രി വയനാട് സന്ദർശിച്ച സാഹചര്യത്തിൽ, കേന്ദ്രം ആവശ്യപ്പെട്ടതനുസരിച്ച് നാശനഷ്ടങ്ങളുടെ കൃത്യമായ റിപ്പോർട്ട് സംസ്ഥാന സർക്കാർ നൽകണം. വിലങ്ങാടിന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു. ദുരന്തം പെയ്തിറങ്ങിയ വയനാടിനെ വീണ്ടെടുക്കാൻ എല്ലാവരും രാഷ്ട്രീയം മാറ്റിവെച്ച് ഒന്നിക്കുകയായിരുന്നു. ദുരന്തമുഖത്ത് ഉയർന്ന ‘നമ്മൾ’ എന്ന മുദ്രാവാക്യം എന്നുമുണ്ടാവണം. അത് ഞങ്ങൾ എന്നായി മാറരുത് അദ്ദേഹം പറഞ്ഞു. വയനാട്ടിലെ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും ഇതിനായി ഇരുസഭകളും ഇടപെട്ട്, ആവശ്യമെങ്കിൽ നിയമ ഭേദഗതി ചെയ്യണമെന്നും കെ മുരളീധരൻ ആവശ്യപ്പെട്ടു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കെ ടി വിനോദൻ അധ്യക്ഷത വഹിച്ചു.
തുടർന്ന്, ഫാ. വിമൽ ഫ്രാൻസിസ്, സുഹൈൽ ഹൈത്തമി, ആയാടം ദാമോധരൻ നമ്പൂതിരി എന്നീ പുരോഹിതരുടെ നേതൃത്വത്തിൽ മെഴുകുതിരി തെളിയിച്ച് സർവമത പ്രാർഥന നടന്നു.
ഉമ്മൻ ചാണ്ടി ചിത്രരചനാ മത്സരത്തിൽ സമ്മാനാർഹരായ മുഹമ്മദ് സിനാൻ (ഒന്നാം സ്ഥാനം), അതുൽ കൃഷ്ണ (രണ്ടാം സ്ഥാനം), നൈതിക മാധവ് (മൂന്നാം സ്ഥാനം) എന്നിവർക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു.
കെ പി സി സി അംഗം മഠത്തിൽ നാണു അനുസ്മരണ പ്രഭാഷണം നടത്തി. മനയിൽ നാരായണൻ, ഇ കെ ശീതൾ രാജ്, പി ബാലകൃഷ്ണൻ, പടന്നയിൽ പ്രഭാകരൻ, ഇ ടി പത്മനാഭൻ, രജി സജേഷ്, പുത്തുക്കാട് രാമകൃഷ്ണൻ, രമ ചെറുകുറ്റി, കെ പി രമേശൻ, പപ്പൻ മൂടാടി, രാമകൃഷ്ണൻ കിഴക്കയിൽ, ജയചന്ദ്രൻ തെക്കേകുറ്റി പ്രസംഗിച്ചു. പി എം അഷ്റഫ് സ്വാഗതവും ആർ ടി ജാഫർ നന്ദിയും പറഞ്ഞു.
Discussion about this post