പയ്യോളി: ബീച്ച് റോഡിലെ സൗന്ദര്യവൽക്കരണത്തിൻ്റെ മറപിടിച്ച് മരംമുറിക്കാനുള്ള നഗരസഭയുടെ ശ്രമം വ്യാപാരികളും ഡ്രൈവർമാരും നാട്ടുകാരും തടഞ്ഞു. ഇതേ തുടർന്ന് വാക്ക് തർക്കവും ബഹളവുമായി. മരം മുറിക്കാതെയുള്ള ഏത് സൗന്ദര്യവൽക്കരണത്തിനും തങ്ങൾ എതിരല്ലെന്ന് തടഞ്ഞവർ പറയുന്നു. ഇന്ന് 11:30 യോടെയാണ് സംഭവം.
മരംമുറിക്കുന്നതിനും നിലവിൽ അവിടെ വിരിച്ചിട്ടുള്ള ടൈൽ പൊളിച്ചെടുക്കാനുമായി എത്തിയ തൊഴിലാളികളെ തടയുകയായിരുന്നു. തുടർന്ന് വൈസ് ചെയർപേഴ്സൺ സി പി ഫാത്തിമ, സ്ഥിരം സമിതി അധ്യക്ഷൻ വികെ അബ്ദുറഹിമാൻ, നഗരസഭ അസി. എഞ്ചിനീയർ രാജി മോൾ, ഓവർസിയർ ഷാജി എന്നിവർ സ്ഥലത്തെത്തി. ‘വികസനം നടക്കണമെങ്കിൽ മരം മുറിക്കേണ്ടി വരുമെന്നും ദേശീയപാതക്കായി മരം മുറിക്കുമ്പോൾ നിങ്ങൾ എവിടെയായിരുന്നു’ എന്നുമുള്ള സ്ഥിരം സമിതി അധ്യക്ഷൻ്റെ ചോദ്യം തടഞ്ഞവരെ പ്രകോപിപ്പിച്ചു. ഒരു മരം മുറിക്കുമ്പോൾ എത്രയെണ്ണം നട്ടുപിടിപ്പിക്കണമെന്ന് അറിയാമോ എന്ന നാട്ടുകാരുടെ ചോദ്യത്തിന് അധ്യക്ഷന് ഉത്തരം മുട്ടുകയായിരുന്നു. തുടർന്ന് ഏറെ നേരം തർക്കം തുടർന്നു.മരം മുറിച്ചാൽ മാത്രമേ സൗന്ദര്യവൽക്കരണം സാധ്യമാകൂ എന്ന നിലപാടിൽ ഉറച്ചുതന്നെയാണ്. പയ്യോളി പോലീസും സ്ഥലത്തെത്തി. ടി ദേവദാസ്, പി കെ രൺധീർ, കെ വി വിജയൻ, മനോജ്, വള്ളിൽ പപ്പൻ എന്നിവരുടെ നേതൃത്വത്തിലാണ് മരംമുറി തടഞ്ഞത്.
പയ്യോളി ടൗണിലൊരിടത്തും പ്രകൃതി മനോഹരമാക്കിയ സ്ഥലം കാണാനാകില്ല. ടൗണിലും പരിസരങ്ങളിലുമായി മരങ്ങളുടെ തണലിൽ സമ്പന്നമായ മറ്റൊരിടമുണ്ടാകില്ല. ദേശീയ പാതയിലെ വൃക്ഷങ്ങൾ നഷ്ടപ്പെട്ടതോടെ കടുത്ത വെയിലിലും ചൂടിലും ജനം ദുരിതമനുഭവിക്കുകയാണ്. അപ്പോഴാണ് യാതൊരു വിധ ആലോചനയുമില്ലാതെ നഗരസഭ മരംമുറിക്കിറങ്ങിയത്. നഷ്ടപ്പെട്ടതിന് പകരം കണ്ടെത്താനല്ല, മറിച്ച് ബാക്കിയുള്ളത് കൂടി ദാക്ഷിണ്യമില്ലാതെ വെട്ടിമാറ്റാണ് നഗരസഭയ്ക്ക് തിടുക്കം.
സൗന്ദര്യവൽക്കരണത്തിൻ്റെ മറവിൽ മരം മുറിക്ക് ശ്രമം; ബീച്ച് റോഡിൽ സംഘർഷം: വീഡിയോ കാണാം….
Discussion about this post