കൊയിലാണ്ടി: കലാസ്വാദകർക്ക് സായൂജ്യമായി പത്മശ്രീ. ഗുരു ചേമഞ്ചേരിയുടെ പൂർണ്ണകായ പ്രതിമ ചേലിയ കഥകളി വിദ്യാലയത്തിൽ സ്ഥാപിച്ചു. കെ മുരളീധരൻ എം പി പ്രതിമ അനാച്ഛാദനം ചെയ്തു. കലാപ്രവർത്തകരെ സംബന്ധിച്ചിടത്തോളം ഒരിക്കലും അണയാത്ത കളി വിളക്കാണ് ഗുരു എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഒന്നാം ചരമവാർഷിക പരിപാടികൾ – ഓർമ്മ -2022 ൻ്റെ ഭാഗമായാണ് പ്രതിമ സ്ഥാപിച്ചത്. പ്രശസ്ത ശിൽപി ശിവജി അയനിക്കാടിൻ്റെ കരവിരുതിൽ പൂർത്തീകരിച്ച, മൂന്ന് ക്വിൻ്റൽ ഭാരവും 5 അടി 4 ഇഞ്ച് പൊക്കവുമുള്ള ജീവസ്സുറ്റ പ്രതിമ കഴിഞ്ഞ ദിവസമാണ് ആരാധകരും ശിഷ്യഗണങ്ങളും ചേർന്ന് ചേലിയയിൽ എത്തിച്ചത്.
ചടങ്ങിൽ കാനത്തിൽ ജമീല എം എൽ എ അധ്യക്ഷത വഹിച്ചു. ശില്പി ശിവജി, ലോഗോ രൂപ കല്പന ചെയ്ത ആർടിസ്റ്റ് സുരേഷ് ഉണ്ണി എന്നിവരെ കഥകളി വിദ്യാലയം പ്രസിഡണ്ട് ഡോ.എൻ വി സദാനന്ദൻ പൊന്നാട അണിയിച്ച് ആദരിച്ചു. യു കെ രാഘവൻ, അബ്ദുൾ ഷുക്കൂർ, ഡോ. മധുസൂദനൻ ഭരതാഞ്ജലി, വിജയരാഘവൻ ചേലിയ, അഡ്വ. പി പ്രശാന്ത്, മനോജ് ഇഗ്ലൂ, കെ വി അഞ്ജലി, പ്രമോദ് പൊന്മാലേരി പ്രസംഗിച്ചു.
ഗായിക ദിവ്യാ കിരൺ കാവ്യാലാപനം നടത്തി. വിദ്യാർത്ഥികൾ അവതരിപ്പിച്ച ഗിറ്റാർ സോളോ, വയലിൻ വാദനം, ചിത്ര പ്രദർശനം, സംഗീതാർച്ചന, ചെണ്ടമേളം എന്നിവയും അരങ്ങേറി.
ഗുരുവിൻ്റെ ആഗ്രഹ സഫലീകരണ പ്രവർത്തനങ്ങളുമായി ചേലിയയെ കഥകളി ഗ്രാമമാക്കി പരിവർത്തിപ്പിക്കുന്ന പ്രക്രിയ ഏറ്റെടുത്തു കൊണ്ട് ഏപ്രിൽ 2 ന് ഓർമ്മ 2022 പരിപാടികൾ സമാപിക്കും.
നേരത്തേ, ശില്പി ശിവജി അയനിക്കാടിൻ്റെ വീട്ടിൽ പ്രതിമാസമർപ്പണ, ഏറ്റുവാങ്ങൽ ചടങ്ങുകൾ നടന്നു. അമ്മാവനും നർത്തകനും എഴുത്തുകാരനുമായ ഇ വി ദാമു നർത്തനയ്ക്ക് നിർമാണം പൂർത്തിയായ പ്രതിമ ശിവജി സമർപ്പിച്ചു. തുടർന്ന് ദാമു പ്രതിമ ചേലിയ കഥകളി വിദ്യാലയത്തിന് കൈമാറുകയും പ്രസിഡണ്ട് ഡോ.എൻ വി സദാനന്ദൻ ഏറ്റുവാങ്ങുകയും ചെയ്തു.
ചടങ്ങിൽ കലാമണ്ഡലം പ്രേംകുമാർ, കലാനിലയം ഹരി, ആർടിസ്റ്റ് സുരേഷ് ഉണ്ണി, ജി പ്രശോഭ്, പ്രമോദ്, ടി നാരായണൻ, ഇവി രാമകൃഷ്ണൻ, കെ കെ ഗണേശൻ, എം പി രാജീവൻ, പി കെ രൺധീർ എന്നിവരും നാട്ടുകാരും സംബന്ധിച്ചു.
Discussion about this post