പത്തനംതിട്ട: ആറന്മുള കോഴിപ്പാലത്ത് ബധിരരും മൂകരുമായ ദമ്പതികളിൽ ഭാര്യയും 4 വയസ്സുള്ള മകളും തീപ്പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവ് ഇടയാറന്മുള കോഴിപ്പാലം പടിഞ്ഞാറേ മേലേടത്ത് അരുൺ (35) അടക്കം 3 പേർ അറസ്റ്റിലായി. അരുണിനൊപ്പം അച്ഛൻ വിശ്വനാഥൻ അമ്മ രുക്മിണി എന്നിവരെയാണ് ആറന്മുള പോലീസ് അറസ്റ്റ് ചെയ്തത്.
ആത്മഹത്യാ പ്രേരണക്ക് പുറമേ സ്ത്രീധന പീഢന കുറ്റവും ചുമത്തിയാണ് അറസ്റ്റ്. കഴിഞ്ഞ മേയ് ആറിന് പുലർച്ചെയാണ് ഒന്നാം നിലയിലെ കിടപ്പ് മുറിയിൽ അരുണിന്റെ ഭാര്യ ശ്യാമയും (28) മകൾ ആദിശ്രീയും (4) തീ കൊളുത്തി മരിച്ച നിലയിൽ കാണപ്പെട്ടത്. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ മേയ് 13 ന് ആദിശ്രീയും 14 ന് ശ്യാമയും മരിച്ചു.
5വർഷം മുൻപായിരുന്നു ബധിരരും മൂകരുമായ ദമ്പതികളുടെ വിവാഹം. മാതാപിതാക്കൾ കേൾവി സംസാര വൈകല്യമുള്ളവർ ആയിരുന്നു എങ്കിലും മകൾ ആദിശ്രീക്ക് സംസാര ശേഷി ഉണ്ടായിരുന്നു. മേയ് ആറിന് പുലർച്ചെ മൂന്നിനാണ് ഒന്നാം നിലയിലെ മുറിയിൽ തീ പടർന്നത്. മുറി അകത്തു നിന്നും കുറ്റിയിട്ട നിലയിൽ ആയതിനാൽ ആത്മഹത്യ യായിരുന്നു എന്നാണ് പോലീസ് നിഗമനം. തീ പടരുന്നത് കണ്ട് ഭർത്താവ് അരുണും അച്ഛനും അമ്മയും വാതിൽ പൊളിച്ച് ഇവരെ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. ഇതിനിടയിൽ അരുണിനും പൊള്ളലേറ്റിരുന്നു.
സംഭവം നടക്കുന്നതിന് തലേദിവസം മകൾ സെൽ ഫോണിൽ ഗെയിം കളിക്കുന്നതിനെ ചൊല്ലി അരുണും ശ്യാമയും തമ്മിൽ വഴക്കുണ്ടായതായി പോലീസ് പറഞ്ഞു. തുടർന്ന് പിറ്റേന്ന് അമ്മയും മകളും വേറൊരു മുറിയിലേക്ക് മാറി കതകടച്ച് കിടക്കുകയായിരുന്നു. തീ പടർന്ന മുറിയിൽ മണ്ണെണ്ണയുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നു എന്ന് ഫോറൻസിക് സംഘം പിന്നീട് കണ്ടെത്തിയിരുന്നു. ശ്യാമയോട് സ്ത്രീധന വിഷയം പറഞ്ഞ് അരുണും മാതാപിതാക്കളും നിരന്തരമായി വഴക്കുണ്ടാക്കുമായിരുന്നു എന്ന് പിതാവ് പോലീസിൽ പരാതിപ്പെട്ടിരുന്നു. ശ്യാമയുടെ വസ്തു വിറ്റ് പണം അരുണിനെ ഏൽപ്പിക്കണം എന്നാവശ്യപ്പെട്ടായിരുന്നു വഴക്ക്. മരണത്തിന് മുൻപ് തിരുവനന്തപുരത്തെ ആശുപത്രിയിൽ എത്തി മജിസ്ട്രേറ്റ് ശ്യാമയുടേയും ആദിശ്രീയുടേയും മൊഴികളും എടുത്തിരുന്നു. അതിന്റെ കൂടി അടിസ്ഥാനത്തിലാണ് അറസ്റ്റ്.
Discussion about this post