കൊച്ചി: കോതമംഗലത്ത് പറക്കും തളിക സിനിമയിലെ രംഗങ്ങള്‍ അനുകരിച്ച് കല്ല്യാണ ഓട്ടം നടത്തിയ കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. സംഭവത്തില്‍ ഡ്രൈവറുടെ മറുപടി തൃപ്തികരമല്ലാത്ത സാഹചര്യത്തിലാണ് നടപടിയെന്ന് ജോയിന്റ് ആര്‍ടിഒ ഷോയ് വര്‍ഗീസ് പറഞ്ഞു. മോട്ടോര്‍ വാഹന വകുപ്പിന്റേതാണ് നടപടി.ബസ് പരിശോധിച്ച ഉദ്യോഗസ്ഥര്‍ ഡ്രൈവറോട് ഹാജരായി വിശദീകരണം നല്കാന് ആവശ്യപ്പെട്ടിരുന്നു.
സുഹൃത്തിന്റെ കല്യാണത്തിനാണ് ബസ് കൊണ്ടുപോയതെന്നും അലങ്കാരം കൂടിപ്പോയതില്‍ തന്റെ ശ്രദ്ധക്കുറവുണ്ടായെന്നും ഡ്രൈവര്‍ വിശദീകരിച്ചു. ഡ്രൈവറുടെ വിശദീകരണത്തില്‍ തൃപ്തിരകരമല്ലെന്ന വിലയിരുത്തലിലാണ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തത്. ഡ്രൈവറുടെ ജാഗ്രത കുറവെന്നാണ് ആര്‍ടിഒ ഷോയി വര്‍ഗീസ് പറഞ്ഞത്. കെഎസ്ആര്‍ടിസി കോതമംഗലം ഡിപ്പോയില്‍ എത്തി കോതമംഗലം ജോയിന്റ് ആര്‍ടിഒ ഷോയ് വര്‍ഗീസ്, അസിസ്റ്റന്റ് മോട്ടോര്‍ വാഹന ഇന്‍സ്പെക്ടര്‍ അജിത് കുമാര്‍ എന്നിവര്‍ ബസ് പരിശോധിച്ച് കേസെടുക്കുകയായിരുന്നു.
മരച്ചില്ലകള്‍ ഉപയോഗിച്ച് ബസിന് ചുറ്റും അപകടകരമാം വിദമായിരുന്നു അലങ്കാരം നടത്തിയത്. കെഎസ്ആര്‍ടിസി എന്നത് മറച്ച് താമരാക്ഷന്‍പിള്ള എന്ന് പേരിലാരുന്നു യാത്ര ചെയ്തത്. ബസിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ഏറെ വിവാദമായി. ഇതോടെ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്ന് കല്ല്യാണ ഓട്ടത്തിനായി വാടകയ്ക്ക് നല്കിയ ഫാസ്റ്റ് പാസഞ്ചര്‍ ബസിനെതിരെ മോട്ടോര്‍ വാഹനവകുപ്പ് കേസെടുക്കുകയായിരുന്നു.
Discussion about this post