കണ്ണൂർ: നിരോധിത പാൻ മസാല ശേഖരം പിടികൂടി പോലീസ്. ലോറിയിൽ ചാക്കുകളിലായി കടത്താൻ ശ്രമിച്ച വൻ പാൻമസാല ശേഖരമാണ് പിടികൂടിയത്. വിപണിയിൽ 10 ലക്ഷത്തോളം രൂപ വില വരുമെന്ന് കണക്കാക്കുന്ന നിരോധിത പാൻമസാലയാണ് പരിശോധനയിൽ കണ്ടെടുത്തത്. ആയിരക്കണക്കിന് പാക്കറ്റുകളിലായി ചാക്കിൽ നിറച്ച നിലയിലാണ് പാൻമസാല കണ്ടെത്തിയത്. സംഭവത്തിൽ ഡ്രൈവർ കാസർകോട് ഉളിയത്തടുക്ക സ്വദേശി യൂസഫ് (51), ജാബിർ (32) എന്നിവരെ പിടികൂടി. ഇവർക്കെതിരേ കോട്പ ആക്ട് പ്രകാരം കേസെടുത്തു.
മംഗലാപുരത്ത് നിന്നും എറണാകുളത്തേക്ക് വൻതോതിൽ നിരോധിത പുകയില ഉൽപന്നങ്ങൾ കൊണ്ടു പോകുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലുള്ള പരിശോധനയിലാണ് എസ്എൻ കോളേജിന് സമീപത്ത് വെച്ച് ലോറി പിടികൂടിയത്. 1.30 ഓടെയാണ് കെ എൽ 11 യു 9257 നാഷണൽ പെർമിറ്റ് ലോറി കടന്നു വന്നത്. തടഞ്ഞു നിർത്തിയപ്പോൾ മംഗളൂരുവിൽ നിന്ന് ആയുർവേദ മരുന്നുകളുമായി കൊച്ചിയിലേക്ക് പോവുകയാണെന്നാണ് ഇവർ പോലിസിനെ അറിയിച്ചത്. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് മുകൾ ഭാഗത്ത് ചാക്കുകളിലായി വിവിധ ആയുർവേദ ഉൽപന്നങ്ങളുടെ മറവിൽ, പ്രത്യേക തട്ടുകളാക്കിയ ഭാഗം പരിശോധിച്ചപ്പോഴാണ് വിവിധ പാൻമസാല പാക്കറ്റുകൾ ചാക്കുകളിലായി കണ്ടെത്തിയത്. ഓരോ ചാക്കിനു മുകളിലും എറണാകുളത്ത് ലോഡ് ഇറക്കേണ്ട കടകളുടെ പേരും മറ്റും രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. ഓരോ കടയിലും ലോഡ് ഇറക്കി പണം വാങ്ങുന്ന രീതിയാണ് ഇവർക്കെന്ന് പോലിസ് പറഞ്ഞു. സംസ്ഥാനത്തു തന്നെ ഏറ്റവും വലിയ പാൻമസാല വേട്ടയാണ് കണ്ണൂർ ടൗൺ പോലിസിന്റെ നേതൃത്വത്തിൽ നടത്തിയതത്രെ. ടൗൺ സി ഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ എസ്ഐ ഉണ്ണികൃഷ്ണൻ, സിവിൽ പോലിസുകാരായ നിഷാദ്, ഷിജു എന്നിവരുടെ സംഘമാണ് പരിശോധന നടത്തിയത്
Discussion about this post