പയ്യോളി: അയനിക്കാട് കളരിപ്പടി പ്രദേശത്ത് പരിഭ്രാന്തി പരത്തിയ എരുമയെ പിടിച്ചുകെട്ടി. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് എരുമയെ പിടിച്ചുകെട്ടാനായത്.ഗവൺമെൻ്റ് സംവിധാനങ്ങളൊക്കെ നിസ്സഹായരായി നിന്നപ്പോൾ മൂരാട് തവക്കൽ ബീഫ് സ്റ്റാളിലെ ഉടമയും ജീവനക്കാരുമെത്തിയാണ് ഉച്ചയ്ക്ക് 1.45 ഓടെ പോത്തിനെ പിടികൂടിയത്.
തിരുവോണ ദിവസം പാലോളിപ്പാലം ബീഫ് സ്റ്റാളിൽ നിന്നാണ് അഴിച്ചുമാറ്റിക്കെട്ടുന്നതിനിടെ എരുമ വിരണ്ടോടിയത്. അയനിക്കാട് കളരിപ്പടി ബസ്സ് സ്റ്റോപ്പിനടുത്തുള്ള പറമ്പിലെ കുറ്റിക്കാട്ടിലാണ് എരുമ നിന്നത്. ഉടമയും മറ്റുള്ളവരും പിടികൂടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. മെരുക്കിയെടുക്കാനായി ഒരു പോത്തിനെ കൊണ്ടുവന്ന് ഇവിടെ കെട്ടിയിരുന്നുവെങ്കിലും എരുമയെ മെരുക്കാൻ സാധിച്ചില്ല. പോത്തിനെയും കാണാതായതായി ഉടമ പറയുന്നു.
ഇന്ന് തിങ്കളാഴ്ച രാവിലെയോടെ എരുമ നാട്ടുകാർക്ക് നേരെ അക്രമണത്തിന് മുതിർന്നതോടെയാണ് പിടികൂടാനുള്ള ശ്രമം സജീവമായത്. നാട്ടുകാരുടെ നേതൃത്വത്തിൽ പയ്യോളി പോലീസ്, ഫയർ ആൻറ് റെസ്ക്യൂ, മൃഗാശുപത്രി ഡോക്ടർ,
പയ്യോളി നഗരസഭ ആരോഗ്യ വിഭാഗം എന്നീ വകുപ്പുകളെ വിവരമറിയിച്ചതിൻ്റെ അടിസ്ഥാനത്തിൽ പോലീസ് ഇൻസ്പെക്ടർ കെ സി സുഭാഷ് ബാബു, അഗ്നി രക്ഷാ സേനയിലെ , വെറ്റിനറി ഡോ. പി കെ ഷൈന, നഗരസഭാ എച്ച് ഐമാരായ ടി ചന്ദ്രൻ, ടി പി പ്രജീഷ് കുമാർ, നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കെടി വിനോദൻ എന്നിവർ സ്ഥലത്തെത്തിയെങ്കിലും
എന്തെങ്കിലും പരിഹാരം നിർദ്ദേശിക്കാൻ ഇവർക്കായില്ല. അല്പസമയം കഴിഞ്ഞതോടെ അഗ്നിശമന സേനയൊഴിച്ച് മറ്റെല്ലാവരും തിരിച്ചു പോവുകയായിരുന്നു.
ഏറെ സമയം, അഗ്നി ശമന സേന ശ്രമം നടത്തിയെങ്കിലും എരുമയെ പിടികൂടാൻ കഴിഞ്ഞില്ല. തുടർന്ന്, ഭയത്താൽ, കുറ്റിക്കാട്ടിലൂടെ തലങ്ങും വിലങ്ങും ഓടിയ എരുമയെ മെരുക്കാൻ മറ്റൊരു പോത്തിനെ കൂടി കൊണ്ടുവന്നു.
എന്നിട്ടും, പിടികൂടാൻ കഴിയാതായതോടെയാണ് മൂരാട് തവക്കൽ ഉടമ സി പി മജീദ്, മക്കളായ മഫ്നാഫ്, മർഷാദ്, ജീവനക്കാരൻ നിധിൻ (അപ്പു) എന്നിവരെത്തി ഏറെ സമയത്തെ ശ്രമത്തിന് ശേഷം കയർ എറിഞ്ഞ് എരുമയെ പിടിച്ചുകെട്ടി. ഇതോടെയാണ് നാട്ടുകാരുടെ ഭീതിയകന്നത്. ഇതിന് ശേഷമാണ് അഗ്നിശമന സേന തിരിച്ചു പോയത്.
Discussion about this post