പയ്യോളി: നാടക പ്രവർത്തകനും കായലാട് രവീന്ദ്രൻ സ്മാരക പുരസ്കാര ജേതാവുമായ പള്ളിക്കര കരുണാകരൻ്റെ തിരഞ്ഞെടുത്ത കഥകളുടെ സമാഹാരം ‘റങ്കൂൺ ചുരുട്ട്’ പ്രശസ്ത ചെറുകഥാകൃത്തും വയലാർ അവാർഡ് ജേതാവുമായ യു കെ കുമാരൻ പ്രകാശനം ചെയ്യും. തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീലാ സമദ് പുസ്തകം ഏറ്റുവാങ്ങും. പടിപ്പുര ബുക്സ് പള്ളിക്കര പ്രസാധനം നിർവഹിച്ച റങ്കൂൺ ചുരുട്ടിൻ്റെ പ്രകാശന ചടങ്ങ് പയ്യോളി ഗവൺമെൻ്റ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് 17 ന് ഞായറാഴ്ച രാവിലെ 10 മണിക്ക് നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
മലയാളിയുടെ ജീവിത ആവിഷ്കാരങ്ങളുടെ ഏക ജനകീയ മാധ്യമമായി നാടകങ്ങൾ മാറുകയും നാട്ടിൻപുറത്തെ ഗ്രാമീണ നാടകസംഘങ്ങൾ നാടകാവതരണം സജീവമായി ഏറ്റെടുക്കുകയും ചെയ്ത 70 -80 കാലഘട്ടങ്ങളിൽ പ്രൊഫഷണൽ, അമച്വർ നാടകരംഗത്ത് മികച്ച അഭിനയം കാഴ്ചവെച്ച നാടക പ്രതിഭയും എഴുത്തുകാരനുമാണ് പള്ളിക്കര കരുണാകരൻ. ഇദ്ദേഹത്തിൻ്റെ ആദ്യ സമാഹാരമാണ് റങ്കൂൺ ചുരുട്ട്.
പുസ്തക പ്രകാശന ചടങ്ങിൽ സംഗീതനാടക അക്കാദമി അവാർഡ് ജേതാവും മികച്ച നാടകകൃത്തും ലോകനാടക ചരിത്രത്തിൻ്റെ രചയിതാവുമായ രാജൻ തിരുവോത്ത് മുഖ്യപ്രഭാഷണം നടത്തും. ടി നാരായണൻ മാസ്റ്റർ പുസ്തകപരിചയം നിർവഹിക്കും.
തിക്കോടി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പ്രനില സത്യൻ, പഞ്ചായത്തംഗങ്ങളായ ബിനു കാരോളി, ദിബിഷബാബു, പയ്യോളി ഗവൺമെൻ്റ് ഹൈസ്കൂൾ പ്രധാനാധ്യാപകൻ കെ എൻ ബിനോയ്, പൂർണ ഉറൂബ് അവാർഡ് ജേതാവ് ചന്ദ്രശേഖരൻ തിക്കോടി, പൗർണമി ശങ്കർ തുടങ്ങിയ പ്രമുഖർ സംബന്ധിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
വാർത്താസമ്മേളനത്തിൽ മേലടി മുഹമ്മദ്, സുജേന്ദ്രഘോഷ് പള്ളിക്കര, വി പി നാസർ, പി ടി ബാബു പങ്കെടുത്തു.
Discussion about this post