പാലക്കാട്: യുവമോർച്ച നേതാവ് അരുൺ കുമാർ കൊല്ലപ്പെട്ട കേസിൽ പിടിയിലാകാനുണ്ടായിരുന്ന ഡി വൈ എഫ് ഐ നേതാവ് കീഴടങ്ങി. ഏഴാംപ്രതി ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി മിഥുനാണ് ഇന്ന് കീഴടങ്ങിയത്. പഴമ്പാലക്കോട് ക്ഷേത്രോത്സവത്തിനിടെയുണ്ടായ വാക്കുതർക്കത്തെ തുടർന്നുണ്ടായ കത്തിക്കുത്തിലാണ് അരുൺ കുമാർ മരിച്ചത്. കേസിൽ ആറ് പ്രതികളെ പൊലീസ് പിടികൂടിയിരുന്നു.
കേസിലെ പ്രധാനപ്രതികളിലൊരാളായ മിഥുനെ പിടികൂടാത്തതിൽ ബി ജെ പി ശക്തമായി പ്രതിഷേധിച്ചിരുന്നു. മാർച്ച് രണ്ടിനാണ് അരുണിന്റെ മരണത്തിനിടയായ സംഭവമുണ്ടായത്. യുവമോർച്ച തരൂർ പഞ്ചായത്ത് സെക്രട്ടറിയായ അരുൺ കുമാറിന് (28) നെഞ്ചിലാണ് കുത്തേറ്റത്. തുടർന്ന് ചികിത്സയിലിരിക്കെ മാർച്ച് 11ന് അരുൺ മരിച്ചു. പേനക്കത്തി പൊലെയുളള ആയുധം ഉപയോഗിച്ച് ഹൃദയത്തിൽ കുത്തിയതാണ് മരണകാരണമായത്. അരുണിന്റെ തലച്ചോറിലേക്ക് രക്തയോട്ടവും നിലച്ചിരുന്നതായി പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു.
Discussion about this post