പാലക്കാട്: ശിശു പരിചരണ കേന്ദ്രത്തിൽ കുട്ടികൾക്ക് മർദനമേറ്റ സംഭവത്തിൽ പാലക്കാട് ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി രാജിവെച്ചു. ആരോപണവിധേയനായ സെക്രട്ടറി കെ വിജയകുമാര്‍ ആണ് രാജിവെച്ചത്. കുട്ടികള്‍ക്ക് മര്‍ദനമേറ്റതിനെ കുറിച്ച് ജില്ല കലക്ടര്‍ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് രാജി.
അനാഥരായ നവജാത ശിശുക്കള്‍ മുതല്‍ അഞ്ച് വയസ് വരെയുള്ള കുട്ടികളെയാണ് അയ്യപുരത്ത് ശിശു പരിചരണ കേന്ദ്രത്തില്‍ താമസിപ്പിക്കുന്നത്. കുഞ്ഞുങ്ങളെ വിജയകുമാര്‍ പല തവണയായി മര്‍ദിച്ചുവെന്ന് സമിതിയിലെ ആയയാണ് പരാതി നല്‍കിയത്. സ്കെയില്‍ വെച്ചാണ് കുഞ്ഞുങ്ങളെ തല്ലുന്നത്. ഫോണില്‍ സംസാരിക്കവെ കുട്ടികള്‍ കരയുന്നതാണ് മര്‍ദനത്തിന് കാരണം. ഇതുസംബന്ധിച്ച് നേരത്തെ പാര്‍ട്ടിക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടാകാത്തതിനാലാണ് ജില്ലാ കലക്ടറെ സമീപിച്ചത്.
പരാതിയില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാന് ജില്ലാ കലക്ടര്‍ ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ക്ക് നിര്‍ദേശം നല്കി. അടുത്ത ദിവസം അന്വേഷണ റിപ്പോര്‍ട്ട് കൈമാറും. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും റിപ്പോര്‍ട്ട് ഉടന്‍ ലഭിക്കുമെന്നും കലക്ടര്‍ അറിയിച്ചു.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ സിപിഎം തെക്കേതറ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന വിജയകുമാറിനെ പാര്‍ട്ടിയില്‍ നിന്നും മാറ്റി നിര്‍ത്തിയിരിക്കുകയാണ്.
Discussion about this post