ഇസ്ലാമാബാദ്: സ്വിസ് ബാങ്ക് അക്കൗണ്ടുകളിൽ നിരവധി പാകിസ്ഥാൻ പൗരൻമാർക്ക് കോടിക്കണക്കിന് രൂപയുടെ നിക്ഷേപമുള്ളതായി വിവരം. 1400 പാകിസ്ഥാൻ പൗരൻമാരുടെ 600 അക്കൗണ്ടുകളുടെ വിവരങ്ങളാണ് സ്വിറ്റ്സർലാൻഡിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന മുൻനിര നിക്ഷേപ ബാങ്കിംഗ് സ്ഥാപനമായ ക്രെഡിറ്റ് സ്വിസിയിൽ നിന്ന് ചോർന്നതായി വിവരങ്ങൾ പുറത്തുവന്നത്.
അക്കൗണ്ട് ഉടമകളിൽ പാകിസ്ഥാനിന്റെ ഇന്റർ സെർവീസസ് ഇന്റലിജൻസ് (ഐ എസ് ഐ) മുൻ മേധാവിയായ ജനറൽ അഖ്‌തർ അബ്ദുർ റഹ്മാൻ ഖാൻ ഉൾപ്പടെ മുൻനിര രാഷ്ട്രീയപ്രവർത്തകരും ജനറൽമാരും ഉൾപ്പെടുന്നുവെന്നാണ് വിവരം. സോവിയറ്റ് യൂണിയനെതിരെ പോരാടുന്ന അഫ്‌ഗാനിസ്ഥാനിലെ മുജാഹിദീനുകൾക്ക് അമേരിക്കയിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നും കോടിക്കണക്കിന് ഡോളർ പണവും മറ്റ് സഹായങ്ങളും നൽകാൻ അഖ്‌തർ അബ്ദുർ റഹ്മാൻ ഖാൻ സഹായിച്ചുവെന്ന് ഒരു പ്രമുഖ മാദ്ധ്യമം റിപ്പോർട്ട് ചെയ്തിരുന്നു.
മുജാഹിദീനുകളെ പിന്തുണക്കുന്നതിനായി സൗദി അറേബ്യയും അമേരിക്കയും നൽകിവന്നിരുന്ന പണം അമേരിക്കൻ സെൻട്രൽ ഇന്റലിജൻസ് ഏജൻസിയുടെ സ്വിസ് ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കപ്പെട്ടതായി ഓർഗസൈസ്‌ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിംഗ് പ്രോജക്ടിനെ ഉദ്ദരിച്ചുകൊണ്ട് മറ്റൊരു മാദ്ധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. പാകിസ്ഥാൻ പൗരൻമാരുടെ അക്കൗണ്ടുകളുടെ പരമാവധി ബാലൻസ് തുക 4.42 ദശലക്ഷം സ്വിസ് ഫ്രാങ്കാണ്. നിരവധി രാഷ്ട്രീയപ്രവർത്തകർ പാകിസ്ഥാനിലെ രിരഞ്ഞെടുപ്പ് കമ്മീഷനിൽ സമർപ്പിച്ച സ്വത്തുവിവരത്തിൽ സ്വിസ് ബാങ്ക് അക്കൗണ്ടുകളിലെ നിക്ഷേപങ്ങൾ മറച്ചുവച്ചതായി പാകിസ്ഥാൻ മാദ്ധ്യമവും റിപ്പോർട്ട് ചെയ്തിരുന്നു. 2016ലെ പനാമ പേപ്പേഴ്സ് ചോർച്ച, 2017ലെ പാരഡൈസ് പേപ്പേഴ്സ് ചോർച്ച, കഴിഞ്ഞ വർഷത്തെ പാൻഡോര പേപ്പേഴ്സ് ചോർച്ച എന്നിവയ്ക്ക് പിന്നാലെയാണ് സ്വിസ് ബാങ്ക് അക്കൗണ്ട് സംബന്ധിക്കുന്ന ഏറ്റവും പുതിയ വിവരങ്ങൾ പുറത്തുവരുന്നത്.
Discussion about this post