നാദാപുരം: അപകടകരമായ രീതിയിൽ വർണപ്പുക പരത്തി റോഡിലൂടെ കാറിൽ സഞ്ചരിച്ച വിവാഹ സംഘത്തിലെ യുവാക്കൾക്കെതിരെ പൊലീസ് കേസ്. മൂന്ന് കാറുകളിൽ രണ്ടു കാറുകളിൽ നിന്നാണ് യുവാക്കൾ പുക പരത്തിയത്. ആവോലത്ത് നിന്ന് ആരംഭിച്ച് പാറക്കടവ് വരെ, തല പുറത്തേക്കിട്ട് അഞ്ച് കിലോമീറ്റർ ദൂരമാണ് സംഘം അപകടകരവും കുറ്റകരവുമായ യാത്ര നടത്തിയത്.
പിന്നിൽ നിന്നെത്തിയ മറ്റ് വാഹനങ്ങൾക്ക് കടന്നു പോകാൻ സാധിക്കാത്ത വിധം റോഡിൽ തടസം സൃഷ്ടിച്ചായിരുന്നു കാറുകളുടെ അഭ്യാസം. വർണപ്പുക കണ്ണിലടിച്ച് പിന്നിൽ വന്ന വാഹന യാത്രക്കാർക്ക് കാഴ്‌ച തടസപ്പെട്ടു. ഇതിൽ രണ്ട് കാറുകളാണ് അപകടകരമായ വിധം യാത്ര നടത്തിയത്. സമൂഹമാധ്യമങ്ങളിൽ വിഡിയോ വ്യാപകമായി പ്രചരിച്ചതോടെ പൊലീസ് സ്വമേധയാ കേസ് രജിസ്റ്റർ അന്വേഷണം ആരംഭിച്ചു. ഒരു കാർ കസ്റ്റഡിയിലെടുത്തതായും രണ്ടാമത്തെ കാർ കണ്ടെത്താനായി തിരച്ചിൽ ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
Discussion about this post