തിരുവനന്തപുരം: മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെയും ദിവ്യയുടെയും മകള്‍ നിരഞ്ജന വിവാഹിതയാകുന്നു. തിരുവനന്തപുരം പി ടി പി നഗര്‍ വൈറ്റ്പേളില്‍ ശിവകുമാറിന്റെയും ചിത്രലേഖയുടെയും മകന് സംഗീതാണ് വരന്. സാമൂഹികനീതി വകുപ്പിനു കീഴിൽ തവനൂരിൽ പ്രവർത്തിക്കുന്ന വൃദ്ധമന്ദിരത്തിൽ വച്ച് 22 നാണ് വിവാഹം. നിരഞ്ജനയുടെ തീരുമാനപ്രകാരമാണ് വിവാഹം വൃദ്ധമന്ദിരത്തിൽ വച്ച് നടത്തുന്നത്.
വിവാഹം അമ്പലത്തിൽവേണ്ടെന്നും അമ്മമാരുടെ മുൻപിൽവെച്ചുമതിയെന്നും നിരഞ്ജനയാണ് തീരുമാനിച്ചത്. ശ്രീരാമകൃഷ്ണനും കുടുംബവും തവനൂരിലെ വൃദ്ധമന്ദിരത്തിലെ സ്ഥിരം സന്ദർശകരാണ്. വിശേഷ ദിവസങ്ങളെല്ലാം ആഘോഷിക്കാൻ അദ്ദേഹവും കുടുംബവും ഇവിടെയെത്താറുണ്ട്. വൃദ്ധമന്ദിരത്തിലെ താമസക്കാരുമായുണ്ടായ മാനസികമായ അടുപ്പത്തെ തുടർന്നാണ് വിവാഹം ഇവർക്കുമുൻപിൽവച്ചു നടത്താൻ തീരുമാനിക്കുന്നത്.
ഞായറാഴ്ച 9 മണിക്കാണ് വിവാഹം. കോഴിക്കോട് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സൊസൈറ്റിയിലെ എച്ച് ആർ വിഭാഗത്തിൽ ജോലിചെയ്യുകയാണ് നിരഞ്ജനയിപ്പോൾ. എം ബി എ പഠനകാലത്ത് നിരഞ്ജനയുടെ സീനിയറായിരുന്നു സംഗീത്.
Discussion about this post