മലപ്പുറം: മൂലക്കുരു ഒറ്റമൂലി ലഭിക്കുന്നതിനായി പാരമ്പര്യ വൈദ്യനെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി ചാലിയാർ പുഴയിലെറിഞ്ഞ കേസിൽ വ്യവസായി നിലമ്പൂർ മുക്കട്ട കൈപ്പഞ്ചേരി ഷൈബിൻ (42), ബത്തേരി സ്വദേശികളായ പൊന്നക്കാരൻ ഷിഹാബുദ്ദീൻ (36), തങ്ങളകത്ത് നൗഷാദ് (41) എന്നിവർ അറസ്റ്റിലായി. സംഭവവുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പുറത്ത്. 2020 ഒക്ടോബറിലാണ് മൈസൂരിലെ പാരമ്പര്യ വൈദ്യനായ ഷാബാ ശെരീഫ് (60) കൊല്ലപ്പെട്ടത്.
മൈസൂരു രാജീവ് നഗറില്‍ ചികിത്സ നടത്തിയിരുന്നയാളാണ് ഷാബാ ശെരീഫ്. മൂലക്കുരുവിനുള്ള ഒറ്റമൂലി രഹസ്യമറിയുന്നതിനുവേണ്ടി 2019 ഓഗസ്റ്റിലാണ് പ്രതികൾ ശെരിഫിനെ തട്ടിക്കൊണ്ടുവന്നത്. മൈസൂരുവിലെ ലോഡ്ജിൽ നിന്ന് രോഗിയെ ചികിത്സിക്കാനെന്ന് പറഞ്ഞാണ് വൈദ്യനെ നിലമ്പൂരിൽ എത്തിച്ചത്.
ഒറ്റമൂലി മനസിലാക്കി മരുന്നുവ്യാപാരം നടത്തി പണമുണ്ടാക്കുകയായിരുന്നു ഷൈബിന്റെയും കൂട്ടരുടെയും ലക്ഷ്യം. ഒറ്റമൂലി എന്താണെന്ന് പറഞ്ഞുകൊടുക്കാതായതോടെ വൈദ്യനെ ഷൈബിന്റ വീടിന്റെ ഒന്നാം നിലയിൽ ചങ്ങലയിൽ ബന്ധിച്ച് ഒന്നേകാൽ വർഷത്തോളം ക്രൂരമായി പീഡിപ്പിച്ചു. എന്നിട്ടും ആ രഹസ്യം അദ്ദേഹം വെളിപ്പെടുത്തിയില്ല. മുഖത്തേക്ക് സാനിറ്റൈസര്‍ അടിച്ചും ഇരുമ്പുപൈപ്പുകൊണ്ട് കാലില്‍ ഉരുട്ടിയും പീഡിപ്പിക്കുന്നതിനിടെ 2020 ഒക്ടോബറിൽ ഷാബാ കൊല്ലപ്പെട്ടു.
തുടർന്ന് ഷൈബിൻ സുഹൃത്തുക്കളുടെ സഹായത്തോടെ മൃതദേഹം കഷണങ്ങളാക്കി ചാലിയാർ പുഴയിൽ തള്ളി. വൈദ്യനെ പീഡിപ്പിക്കാനും മൃതദേഹം പുഴയില്‍ തള്ളാനും സഹായിച്ച സുഹൃത്തുക്കള്‍ക്ക് ഷൈബിന്‍ പണം വാഗ്ദാനം ചെയ്തിരുന്നു. വാഗ്ദാനം പാലിക്കാതായതോടെ സുഹൃത്തുക്കൾ ഇയാളുടെ വീട്ടിൽ നിന്ന് ഏഴ് ലക്ഷം രൂപ മോഷ്‌ടിച്ചു. തന്റെ പണം സുഹൃത്തുക്കൾ മോഷ്ടിച്ചെന്ന് കാണിച്ച് ഷൈബിൻ പൊലീസിൽ പരാതി നൽകിയതാണ് കൊലപാതകം പുറംലോകമറിയാൻ നിമിത്തമായത്. മോഷണ കേസിലെ പ്രതികൾ ഏപ്രില്‍ 29-ന് സെക്രട്ടേറിയറ്റിനു മുന്‍പില്‍ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാശ്രമം നടത്തിയിരുന്നു. ജീവന് ഭീഷണിയുണ്ടെന്നും, തങ്ങളെക്കൊണ്ട് ഷൈബിന്‍ കൊലപാതകം ചെയ്യിച്ചിട്ടുണ്ടെന്നും പറഞ്ഞായിരുന്നു ആത്മഹത്യാശ്രമം. പാരമ്പര്യ ചികിത്സകനെ മർദ്ദിക്കുന്ന പെൻഡ്രൈവും ഇവർ പൊലീസിന് കൈമാറി.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ലഭിച്ചത്.പെൻഡ്രൈവിലെ ദൃശ്യങ്ങളിലുള്ളയാൾ വൈദ്യൻ തന്നെയാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്.
Discussion about this post