അടുത്തിടെയാണ് ലൈംഗികമായി അധിക്ഷേപിച്ചെന്ന നടി ഹണി റോസിന്റെ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെ പോലീസ് അറസ്റ്റ് ചെയ്തത്. പിന്നാലെ കോടതി ജാമ്യം നിഷേധിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിൽ സാമൂഹിക മാധ്യമങ്ങളിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെ സംബന്ധിച്ച ചർച്ചകൾക്ക് ചൂടേറുകയാണ്. അതിക്രമങ്ങൾ നടന്നുകഴിഞ്ഞ് വർഷങ്ങൾക്കുശേഷം സ്ത്രീകൾ പ്രതികരിക്കുന്നതിനെ വിമർശിക്കുന്നവരുമുണ്ട്. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരി കെ.ആർ മീര. അതിക്രമം നേരിട്ടാൽ അത് എത്ര വർഷം കഴിഞ്ഞാലും അതിക്രമം തന്നെയാണെന്ന് കെ.ആർ മീര പറഞ്ഞു.
ഒരു അതിക്രമം നേരിട്ടാൽ അത് എത്ര വർഷം കഴിഞ്ഞാലും അതിക്രമം തന്നെയാണെന്നും അതിൽ പ്രതികരിച്ചില്ലെങ്കിൽ പോലും അതിക്രമം അതിക്രമം അല്ലാതാകുകയില്ലെന്നും കെ.ആർ മീര ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. അഞ്ചോ പത്തോ മിനിറ്റിനുള്ളിൽ പ്രതികരിച്ചില്ലെങ്കിൽ വാലിഡ് അല്ലാതാകാൻ ഒ.ടി.പി അല്ല സ്ത്രീയുടെ പൗരാവകാശങ്ങളെന്നും അവർ കൂട്ടിച്ചേർത്തു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് എഴുത്തുകാരിയുടെ പ്രതികരണം.
ഒരു അതിക്രമം നേരിട്ടാൽ, ഒരു വർഷം കഴിഞ്ഞു പ്രതികരിച്ചാലും രണ്ടു വർഷം കഴിഞ്ഞു പ്രതികരിച്ചാലും പ്രതികരിച്ചേയില്ലെങ്കിലും അതിക്രമം അതിക്രമം അല്ലാതാകുകയില്ല. അതു കുറ്റകൃത്യം അല്ലാതാകുകയില്ല. അവരവർക്കു മുറിപ്പെടുംവരെ എങ്ങനെ വേദനിക്കണം, എത്ര നേരത്തിനകം വേദനിക്കണം എന്നൊക്കെ ഉപദേശിക്കാൻ എളുപ്പമാണ്. അഞ്ചോ പത്തോ മിനിറ്റിനുള്ളിൽ പ്രതികരിച്ചില്ലെങ്കിൽ വാലിഡ് അല്ലാതാകാൻ ഒ ടി പി അല്ല, സ്ത്രീയുടെ പൗരാവകാശങ്ങൾ. – കെ.ആർ മീര ഫേസ്ബുക്കിൽ കുറിച്ചു.
Discussion about this post