തിരുവനന്തപുരം: ആധുനിക കാലഘട്ടത്തില്‍ ജനം വാര്‍ത്തകള്‍ക്കായി കൂടുതല്‍ ആശ്രയിക്കുന്നത് ഓണ്‍ലൈന്‍ മാധ്യമങ്ങളെയായതിനാൽ വെബ് പോര്‍ട്ടലുകള്‍ കൂടുതല്‍ ഉത്തരവാദിത്വവും ജാഗ്രതയും പുലര്‍ത്താന്‍ തയ്യാറാകണമെന്നും കോം ഇന്ത്യാ ഗ്രീവിയന്‍സ് കൗണ്‍സില്‍ യോഗം അഭിപ്രായപ്പെട്ടു.ചെയര്‍മാന്‍ ഡോ. കെ.കെ.എന്‍ കുറുപ്പ് അധ്യക്ഷത വഹിച്ചു.
വെബ് പോര്‍ട്ടലുകളും സമൂഹ മാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്നവരും വാര്‍ത്തകളിലും അഭിപ്രായപ്രകടനങ്ങളിലും കരുതലും മിതത്വവും ജാഗ്രതയും പാലിക്കണമെന്നും കോം ഇന്ത്യാ ഗ്രീവിയന്‍സ് കൗണ്‍സില്‍ (IDPCGC) ചെയര്‍മാനും ചരിത്രകാരനും കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറുമായിരുന്ന ഡോ. കെ.കെ.എന്‍ കുറുപ്പ് പറഞ്ഞു. ഓണ്‍ലൈന്‍ പോര്‍ട്ടലുകളില്‍ വാര്‍ത്തകളിലും പദപ്രയോഗങ്ങളിലും ജാഗ്രത അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാര്‍ത്തകളിലെ പരാമര്‍ശങ്ങള്‍ പരിധി വിടാതെ ശ്രദ്ധിക്കേണ്ടത് ഓണ്‍ലൈന്‍ മാധ്യമങ്ങളെ ആശ്രയിക്കുന്ന ഭൂരിപക്ഷം വരുന്ന വായനക്കാരോടുള്ള ഉത്തരവാദിത്വമായി കാണണമെന്ന് ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍ പറഞ്ഞു. സമൂഹത്തോടുള്ള കടപ്പാടും എല്ലാരീതിയിലും ധാര്‍മ്മികതയില്‍ ഊന്നി കൊണ്ട് മാധ്യമ പ്രവര്‍ത്തനവും ഡിജിറ്റല്‍ പബ്ലിഷര്‍മാരുടെ ഭാഗത്തുനിന്നും ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
സമൂഹമാധ്യമങ്ങളെയടക്കം ശരിയായ പാതയിലേക്ക് നയിക്കേണ്ട ഉത്തരവാദിത്വം ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കുണ്ടെന്നും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ഗ്രീവിയന്‍സ് കൗണ്‍സില്‍ അംഗവുമായ ആര്‍ ഗോപീകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. പൊതുപ്രവര്‍ത്തകരെ വിമര്‍ശിക്കുമ്പോഴും അവരുടെ വ്യക്തിത്വത്തെയും പദവിയെയും മോശമായി ചിത്രീകരിക്കുന്നത് ഒഴിവാക്കേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വാര്‍ത്തകളുടെയും സംഭവങ്ങളുടെയും ആധികാരികതയും വിശ്വാസ്യതയെയും ഉറപ്പ് വരുത്തി കൊണ്ട് മാത്രമേ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകള്‍ നല്‍കാവു എന്നും വ്യക്തികളെ കുറിച്ചുള്ള വാര്‍ത്തകളില്‍ അവരുടെ ഭാഗം കൂടി കേള്‍ക്കാന്‍ തയ്യാറാകേണ്ടതുണ്ടെന്നും ഗ്രീവിയന്‍സ് കൗണ്‍സില്‍ അംഗങ്ങളും കോണ്‍ഫെഡറേഷന്‍ ഓഫ് ഓണ്‍ലൈന്‍ മീഡിയ (ഇന്ത്യാ) പ്രസിഡണ്ടുമായ വിന്‍സന്‍റ് നെല്ലിക്കുന്നേല്‍, സെക്രട്ടറി അബ്ദുള്‍ മുജീബ്, ട്രഷറര്‍ കെ കെ ശ്രീജിത്ത് എന്നിവരും യോഗത്തില്‍ അഭിപ്രായപ്പെട്ടു.
Discussion about this post