പൂനെ: ലിറ്ററിന് ഒരു രൂപയ്ക്ക് പെട്രോള്‍ വിറ്റ് അംബേദ്കര്‍ ജയന്തി ആഘോഷവുമായി ഒരു സംഘടന. അംബേദ്കര്‍ സ്റ്റുഡന്റ്‌സ് ആന്‍ഡ് യൂത്ത് പാന്തേഴ്‌സ് എന്ന സംഘടനയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പെട്രോള്‍ വിലവര്‍ധനവിനെതിരായ പ്രതിഷേധവും അംബേദ്കര്‍ ജയന്തി ആഘോഷത്തിന്റെയും ഭാഗമായാണ് ഇത്തരത്തില്‍ വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചത്. മഹാരാഷ്ട്രയിലെ സോളാപുര്‍ നഗരത്തിലായിരുന്നു സംഭവം. 500 പേര്‍ക്കാണ് ഇത്തരത്തില്‍ ഒരു രൂപയ്ക്ക് പെട്രോള്‍ നല്‍കിയത്.
“നരേന്ദ്ര മോദി സര്‍ക്കാരിന്റെ കീഴില്‍ ഇന്ധന വില വര്‍ധനവിനാല്‍ ജനങ്ങള്‍ പൊറുതി മുട്ടുകയാണ്. ജനങ്ങള്‍ക്ക് ഞങ്ങളാല്‍ കഴിയുന്ന ആശ്വാസം നല്‍കാനും ഡോ. ബാബാസാഹിബ് അംബേദ്കറിന്റെ ജന്മദിനം ആഘോഷിക്കാനുമാണ് ഞങ്ങള്‍
ഇത്തരത്തിലുള്ള പരിപാടി സംഘടിപ്പിച്ചത്”- സംഘടനയുടെ ഭാരവാഹിയായ മഹേഷ് സര്‍വഗോഡ പറഞ്ഞു.
ഒരാള്‍ക്ക് ഒരു ലിറ്റര്‍ മാത്രമേ നല്‍കിയിരുന്നുള്ളു. എന്നിട്ടും ഒരു രൂപയ്ക്കുള്ള പെട്രോള്‍ വാങ്ങാന്‍ വന്‍ ജനക്കൂട്ടമാണ് പെട്രോള്‍ പമ്പിന് മുന്നില്‍ തടിച്ചുകൂടിയത്. ജനം തിങ്ങിക്കൂടിയതോടെ നിയന്ത്രിക്കാന്‍ പോലീസിനെയും വിന്യസിക്കേണ്ടി വന്നു.
തങ്ങളുടേത് പോലുള്ള ചെറിയ സംഘടന ഇത്തരത്തില്‍ 500 ലിറ്റര്‍ വിതരണം ചെയ്യുമ്പോള്‍ സര്‍ക്കാരിന് ഇതില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു.
Discussion about this post