നടുവണ്ണൂർ: ധാർമ്മികതയിൽ അടിയുറച്ച നിലപാടുകൾ ഉയർത്തിപ്പിടിച്ച് സത്യം പറയാൻ ബാധ്യസ്ഥരാണ് മാധ്യമ പ്രവർത്തകർ എന്ന് മുതിർന്ന മാധ്യമ പ്രവർത്തകൻ എൻ പി ചേക്കുട്ടി. മാധ്യമ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും സ്വതന്ത്രമായി അഭിപ്രായം പറയാനും നയരൂപീകരണത്തിൽ പങ്കു വഹിക്കാനുമുള്ള അവസരം ഉണ്ടാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നിലപാടുകളിലെ സ്ഥൈര്യം കൊണ്ടും ആത്മബോധം കൊണ്ടും സ്വന്തം സ്ഥാപനങ്ങളിൽ നിന്ന് പടിയിറങ്ങേണ്ടി വന്ന ദുരനുഭവങ്ങൾ നിരവധി മാധ്യമപ്രവർത്തകർക്കുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കാലാനുസൃതമായി തങ്ങളുടെ ജ്ഞാനവും വൈദഗ്ധ്യവും നിരന്തരം നവീകരിക്കാൻ മാധ്യമപ്രവർത്തകർ തയ്യാറാവണം.
ഇന്ത്യൻ റിപ്പോർട്ടേഴ്സ് ആൻ്റ് മീഡിയ പേഴ്സൺസ് യൂനിയൻ കോഴിക്കോട് ജില്ലാ സമ്മേളനത്തിൽ മാധ്യമ ശില്പശാല നടുവണ്ണൂരിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൻ്റെ വികസന കുതിപ്പിൽ ഏറ്റവും വിലപ്പെട്ട സംഭാവന നൽകിയവരാണ് പ്രാദേശിക മാധ്യമ പ്രവർത്തകർ. എന്നാൽ ഇന്നും അവർ കടുത്ത അവഗണനയാണ് നേരിടുന്നത്. അവൻ്റെ കുടുംബത്തെ കുറിച്ചോ നിലനിൽപ്പിനെക്കുറിച്ചോ ആരും ചിന്തിക്കുന്നില്ല. പ്രാദേശിക മാധ്യമ പ്രവർത്തകരെ മുൻനിർത്തി ശക്തമായ പേരാട്ടം നടത്തി മുന്നേറാൻ ഐ ആർ എം യു എന്ന സംഘടനയ്ക്ക് കഴിയുമെന്ന കാര്യത്തിൽ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഐ ആർ എം യു ജില്ലാ വൈസ് പ്രസിഡൻ്റ് ദേവരാജ് കന്നാട്ടി അധ്യക്ഷത വഹിച്ചു. എൻ വി ബാലകൃഷ്ണൻ മോഡറേറ്ററായ മാധ്യമ ശില്പശാലയിൽ സംസ്ഥാന ജോ. സെക്രട്ടറി കെ പി അഷറഫ്, പ്രകാശൻ ഇല്ലത്ത്, യു ടി ബാബു, ഉസ്മാൻ അഞ്ചു കുന്ന്, ജനറൽ സെക്രട്ടറി ദീപേഷ് ബാബു പ്രസംഗിച്ചു. എം പി അനുരൂപ് സ്വാഗതവും രാഗേഷ് ഐക്കൺ നന്ദിയും പറഞ്ഞു.
Discussion about this post