നിന്നുകൊണ്ട് ഡ്രൈവ് ചെയ്യുന്നതിനെക്കുറിച്ച് ഒന്ന് ആലോചിച്ചു നോക്കിക്കേ ? അങ്ങനെയൊരു സ്റ്റാൻഡ്അപ്പ് ഡ്രൈവിംഗ് ഐഡിയ പ്ലാൻ ചെയ്യുകയാണ് ഇപ്പോൾ ഫോർഡ്. മുൻപും വാഹന ലോകത്തെ ഏറ്റവും മികച്ച ചില ആശയങ്ങൾക്ക് പേറ്റന്റ് നേടിയിട്ടുള്ളവരാണ് ഫോർഡ്. ഇപ്പോൾ സ്റ്റാൻഡപ്പ് ഡ്രൈവിങ്ങിനുള്ള പേറ്റന്റിന് ഫോർഡ് സമർപ്പിച്ചിരിക്കുന്ന പേറ്റന്റ് ചിത്രം കമ്പനി തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്.
ഈ പേറ്റന്റ് ചിത്രം കാണിക്കുന്നത് നിന്നുകൊണ്ട് നിയന്ത്രിക്കാൻ കഴിയുന്ന ഒരു പുതിയകാല ഫോർഡ് ബ്രോങ്കോ SUV ആണ്. എന്നാൽ ഒരു പേറ്റന്റ് ചിത്രം എന്നതിനപ്പുറം വാണിജ്യാടിസ്ഥാനത്തിൽ ഈ പുതിയ ഡ്രൈവിംഗ് സംവിധാനം അവതരിപ്പിക്കാൻ ഫോർഡ് പദ്ധതിയിടുന്നുണ്ടെന്നോ അല്ലെങ്കിൽ അത് എത്ര വേഗത്തിൽ നടപ്പിലാക്കുമെന്നോ വ്യക്തമല്ല. മിക്കവാറും ഇത് ഒരു ഓപ്ഷണൽ ഫീച്ചറായി നൽകുമെന്നാണ് ഈ മേഖലയിലെ പല വിദഗ്ധരും കരുതുന്നത്. കാർബസ് റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം 2021ൽ ഫോർഡ് ഈ പേറ്റന്റ് US ലെ പേറ്റന്റ് ആൻഡ് ട്രേഡ്മാർക്ക് ഓഫീസിൽ ഫയൽ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ഈ പേറ്റന്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട് എന്നും ഈ റിപ്പോർട്ട് പറയുന്നു.
കാർബസ് റിപ്പോർട്ട് അനുസരിച്ച് ബ്രോങ്കോ പോലുള്ള ടോപ്ലെസ് വാഹനങ്ങളിൽ ഫോർഡിന്റെ സ്റ്റാൻഡിംഗ്-അപ്പ് ഡ്രൈവിംഗ് സിസ്റ്റം ഉപയോഗിക്കാം. വിൻഡ്ഷീൽഡ് ഹെഡറിൽ ഘടിപ്പിച്ചിരിക്കുന്ന കപ്പാസിറ്റീവ് ടച്ച് നിയന്ത്രണങ്ങളുടെ സാന്നിധ്യം പേറ്റന്റ് വെളിപ്പെടുത്തുന്നു. ഈ നിയന്ത്രണങ്ങൾ ഉപയോഗിച്ച് ഡ്രൈവർക്ക് വാഹനം നിന്നുകൊണ്ട് ഓടിക്കാൻ കഴിയും. ത്രോട്ടിൽ, ബ്രേക്ക്, സ്റ്റിയറിംഗ് തുടങ്ങിയ അടിസ്ഥാന പ്രവർത്തനങ്ങളും ഇതോടൊപ്പം നിയന്ത്രിക്കാനാകും.
ക്യാബിനിനുള്ളിലെ ഡ്രൈവറുടെ സ്ഥാനത്തെ അടിസ്ഥാനമാക്കി സ്റ്റാൻഡിംഗ്-അപ്പ് ഡ്രൈവിംഗ് സിസ്റ്റം സ്വയമേവ സജീവമാകുമെന്നതാണ് ഫോർഡ് ബ്രോങ്കോ SUV യുടെ സവിശേഷതയായി പേറ്റന്റ് ഇമേജ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഡ്രൈവർ നിൽക്കുകയാണോ , ഇരിക്കുകയാണോ, മുട്ട് കുത്തുന്നുണ്ടോ, വശത്തേക്ക് ചാരുന്നുണ്ടോ എന്നൊക്കെ തിരിച്ചറിയാൻ സെൻസറുകൾ ഉപയോഗിക്കപ്പെടും . ഭാഗികമായി ഇരിക്കുന്നതോ നിൽക്കുന്നതോ ആയ സ്ഥാനം സിസ്റ്റം കണ്ടെത്തിയാലുടൻ, വിൻഡ്ഷീൽഡ് ഹെഡറിലെ സെക്കന്ററി നിയന്ത്രണങ്ങൾ ആക്ടിവേറ്റ് ആകുമെന്നും കരുതപ്പെടുന്നു. സവിശേഷതകൾ നിരവധിയുണ്ടെങ്കിലും ഈ പുതുയുഗ വാഹനം എന്ന് പുറത്തിറക്കം എന്നതിനെക്കുറിച്ച് ഫോർഡ് സൂചനകളൊന്നും നൽകിയിട്ടില്ല.
Discussion about this post