ഇക്കാലത്ത് യുവാക്കളും യുവതികളും നേരിടുന്ന ഏറ്റവും അലോസരപ്പെടുത്തുന്ന ചോദ്യമാണ് ‘കല്യാണമൊന്നുമായില്ലേ’ എന്നത്. അറിഞ്ഞിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ലെങ്കിലും നാട്ടുകാരും വീട്ടുകാരും കുടുംബക്കാരുമടക്കം എല്ലാവരും ആകാംക്ഷയോടെ ഈ ചോദ്യം ചോദിക്കാന്‍ ഉത്സാഹിക്കുന്നത് പതിവുകാഴ്ചയാണ്. പെണ്‍കുട്ടികള്‍ക്ക് 18 തികഞ്ഞാലുടന്‍ ചോദ്യം നേരിട്ടുതുടങ്ങണം. ആണ്‍കുട്ടികള്‍ക്ക് അല്‍പ്പം സമയം കൂടി ‘അനുവദിക്കപ്പെട്ടതിനാല്‍’ അത്രയും ആശ്വാസം. എന്നാല്‍ ചോദ്യത്തില്‍ നിന്ന് രക്ഷപ്പെടുക അസാധ്യമാണ്.
വളരെ പാടുപെട്ടാണ് ഈ ചോദ്യത്തെ യുവാക്കള്‍ നേരിടുന്നത്. എന്നാല്‍ അല്‍പ്പം സ്മാര്‍ട്ട് ആയി നേരിട്ടാല്‍ ഇതില്‍നിന്ന് വളരെ എളുപ്പം രക്ഷപ്പെടാവുന്നതേയുള്ളൂ. നൂറുതവണ ഈ ചോദ്യം നേരിട്ടവരാണ് നിങ്ങളെങ്കിലും 101-ാം തവണ വീണ്ടും കേള്‍ക്കേണ്ടിവരുമ്പോള്‍ ഈ മാര്‍ഗങ്ങള്‍ പരീക്ഷിക്കാവുന്നതാണ്. ലൈഫ് കോച്ചും റിലേഷന്‍ഷിപ്പ് വിദഗ്ധയുമായ ഡോ. ചാന്ദ്നിയാണ് ഇക്കാര്യം വിശദീകരിക്കുന്നത്.
ശ്രദ്ധ മാറ്റുക എന്നതാണ് ഡോ. ചാന്ദ്നി പറയുന്ന ആദ്യമാര്‍ഗം. കല്യാണക്കാര്യം ചോദിച്ച് ആരെങ്കിലും വന്നാല്‍ അവരുടെ ശ്രദ്ധതിരിക്കുന്ന, എന്നാല്‍ ബന്ധമുള്ള മറ്റൊരു കാര്യത്തിലേക്ക് അവരെ കൊണ്ടുപോകണം. ഉദാഹരണത്തിന്, ‘അടുത്ത മാസം എന്റെ ബെസ്റ്റ് ഫ്രണ്ടിന്റെ കല്യാണമാണ്. അതിന് ഞങ്ങള്‍ ഗ്രൂപ്പ് ഡാന്‍സ് കളിക്കുന്നുണ്ട്. അതിന്റെ പ്രാക്ടീസിലാണ് ഞങ്ങള്‍. വേറെ ഒന്നും ഇപ്പൊ തലയില്‍ ഇല്ല.’ എന്നത് പോലെയുള്ള കാര്യങ്ങള്‍. ചോദ്യകര്‍ത്താവ് സുഹൃത്തിന്റെ കല്യാണത്തിലേക്ക് വഴിമാറിപ്പോകുകയും നിങ്ങള്‍ നൈസ് ആയി രക്ഷപ്പെടുകയും ചെയ്യും.
ചോദ്യത്തിന് കുറിക്കുകൊള്ളുന്ന മറുചോദ്യം എന്നതാണ് അടുത്ത മാര്‍ഗം. ഉദാഹരണത്തിന്, ‘അമ്മാവന്/അമ്മായി തന്നെ ഇത് ചോദിക്കണം. കല്യാണം കഴിഞ്ഞ അന്ന് മുതല്‍ സമാധാനമില്ല എന്നല്ലേ എപ്പോഴും പറയാറ്. ഞാനും ആ സമാധനമില്ലാത്ത ജീവിതത്തിലേക്ക് പോകണോ അമ്മാവാ/അമ്മായീ?’ എന്ന് ചോദിക്കാം. അല്ലെങ്കില്‍, ചോദ്യകര്‍ത്താവിന്റെ അവിവാഹിതരായ മക്കളുടെ കാര്യം ചോദിക്കാം. ‘നിങ്ങളുടെ മകനെക്കാള്‍ ഇളയതല്ലേ ഞാന്‍? അവന്റെ കല്യാണം എപ്പോഴാണ്? എനിക്ക് അതുകഴിഞ്ഞിട്ടൊക്കെ മതി. തിരക്കൊന്നുമില്ല.’ എന്ന് പറഞ്ഞ് ഊരിപ്പോരാം.
അടുത്തത് വളരെ രസകരമായ മാര്‍ഗമാണ്. ആകാംക്ഷാഭരിതരായവരില് കൂടുതല്‍ ആകാംക്ഷ നിറയ്ക്കുക എന്ന സ്ട്രാറ്റജിയാണ് ഇത്. കല്യാണമായില്ലേ എന്ന് ചോദിക്കുമ്പോള്‍, ‘അത് ഇപ്പൊ പുറത്ത് പറയാറായിട്ടില്ല, സമയമാകുമ്പൊ ഞാന്‍ തന്നെ പറയും. കാര്യങ്ങളൊക്കെ അറിയുമ്പൊ നിങ്ങളെല്ലാവരും ഞെട്ടും’ എന്നൊക്കെ പറഞ്ഞാല്‍ സസ്പെന്‍സ് ത്രില്ലര്‍ സിനിമയുടെ ക്ലൈമാക്സ് കാണാന്‍ കഴിയാതായിപ്പോയ അവസ്ഥയിലാകും ചോദ്യകര്‍ത്താവ്.
വിവാഹം പോലെയുള്ള ചടങ്ങുകള്‍ക്കിടെയാണ് ചോദ്യശരം നേരിടേണ്ടി വരുന്നതെങ്കില്‍ ‘കമ്പിളിപ്പുതപ്പ്’ ടെക്നിക്ക് ഉപയോഗിക്കാം. പാട്ട് വെക്കുകയോ ഗാനമേള നടത്തുകയോ ഒക്കെ വിവാഹങ്ങളില്‍ ഇപ്പോള്‍ പതിവാണ്. അതല്ലെങ്കില്‍ ബാന്റുമേളം പോലുള്ള കൂടിയ ഇനങ്ങളും ചിലയിടങ്ങളില്‍ ഉണ്ടാകും. ചോദ്യം കേട്ടാല്‍ ഉടന്‍ ശബ്ദം കാരണം ഒന്നും കേള്‍ക്കുന്നില്ല എന്ന് പറഞ്ഞ് നൈസായി അവിടെ നിന്ന് ഊരണം. പക്ഷേ എപ്പോഴും ശബ്ദമുഖരിതമായ സ്ഥലത്ത് തന്നെ നില്ക്കാന് ശ്രദ്ധിക്കണമെന്ന് മാത്രം.
‘പുതിയ മനുഷ്യന്’ തന്ത്രം! വര്‍ഷത്തിന്റെ രണ്ടാം പകുതിയിലാണ് ഈ ടെക്നിക്ക് കൂടുതല്‍ ഫലപ്രദമാകുക. ചോദ്യം ചെവിയില്‍ പതിച്ചുകഴിഞ്ഞാലുടന് അല്‍പ്പം സെന്റി മോഡില്‍ മറുപടി പറഞ്ഞുതുടങ്ങാം. ‘ഇപ്പൊ കുറേ പ്രശ്നങ്ങളുണ്ട് ചേട്ടാ. എല്ലാം ശരിയാക്കണം ആദ്യം. അടുത്ത വര്‍ഷം പ്രശ്നങ്ങളെല്ലാം തീര്‍ത്ത് ഞാനൊരു പുതിയ മനുഷ്യനാകും. എന്നിട്ടേ കല്യാണത്തെ കുറിച്ച് ചിന്തിക്കുന്നുള്ളൂ’ എന്ന് പറഞ്ഞാല്‍ നിങ്ങള്‍ക്ക് ‘കണ്‍വിന്‍സിങ് സ്റ്റാറി’നെ പോലെ ചോദ്യകര്‍ത്താവിനെ കണ്‍വിന്‍സ് ചെയ്യാന്‍ കഴിയും.
Discussion about this post