പയ്യോളി: ഒരു പ്രദേശം മുഴുവൻ ഒരു മേൽക്കൂരയ്ക്ക് കീഴെ ഒഴുകിയെത്തുക, കളി ചിരിയും സന്തോഷവുമായി നിറഞ്ഞു നിൽക്കുക, കയറിച്ചെല്ലുമ്പോൾ തന്നെ ഗൃഹനാഥൻ്റെയും ബന്ധുക്കളുടെയും ആതിഥ്യമര്യാദയോടെയുള്ള പ്രസന്നമായ സ്വീകരണം. പുഞ്ചിരിച്ച് ഹസ്തദാനം ചെയ്ത് ഇരിപ്പിടം കാണിച്ചുതരുന്നതുവരെയുള്ള പരിചരണം.

ആർക്കും പെട്ടെന്നൊരു സംശയം തോന്നിയേക്കാം, ഇതൊരു വിവാഹ വീടാണോയെന്ന്. അത്രയേറെ ഹൃദയസ്പർശിയായിരുന്നു മാണിക്കോത്ത് കൂട്ടായ്മ സംഘടിപ്പിച്ച സമൂഹ നോമ്പ് തുറ. എല്ലാവരെയും ഒരു പോലെ കണ്ട്, അടുത്തറിഞ്ഞ് മനസ്സറിഞ്ഞ് ഓരോ പ്രവർത്തകനും സജീവമായതോടെ നോമ്പുതുറ ശ്രദ്ധേയവും മാതൃകാപരവുമായി. കോവിഡ് മഹാമാരിക്കാലത്ത് രണ്ടുവർഷത്തോളം ഭീതിയോടെ അകലം പാലിക്കുകയും നമ്മൾ വീടുകളിൽ ഒതുങ്ങിക്കൂടുകയും ചെയ്തപ്പോൾ നടക്കാതെ പോയ സമൂഹ നോമ്പുതുറ ചടങ്ങ് വളരെയേറെ ആവേശത്തോടെയാണ് ജനങ്ങൾ സ്വീകരിച്ചത്. 

വേദിയിൽ, സമയമറിയിച്ച് ബാങ്ക് വിളി മുഴങ്ങിയതോടെ വിശ്വാസികൾ ഭക്തിപൂർവം നോമ്പുതുറന്നു. ഭക്ഷഷണവിഭവങ്ങളിലും ആർക്കുമൊരു പരാതിയുമില്ലാതെ, ഇരുന്നൂറോളം സന്നദ്ധ പ്രവർത്തകർ വിളിപ്പുറത്തുണ്ടായിരുന്നു. ചിട്ടയാർന്ന പ്രവർത്തനങ്ങളിലൂടെ മാണിക്കോത്ത് കൂട്ടായ്മയുടെ സമൂഹ നോമ്പുതുറ അവിസ്മരണീയമായി. എം എൽ എ യും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണാധികാരികളും സന്നദ്ധ – രാഷ്ട്രീയ – സാംസ്കാരിക സംഘടനകളിലെ പ്രതിനിധികളും, സാഹിത്യകാരന്മാരും സാന്നിദ്ധ്യമറിയിച്ചതോടെ ചടങ്ങ് പ്രൗഢോജ്ജ്വലമായി.

നോമ്പുതുറയ്ക്ക് മുമ്പേ നടന്ന സാംസ്കാരിക സദസ്സ് എം എൽ എ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. നഗരസഭാംഗം ടി ചന്തു മാസ്റ്റർ അധ്യക്ഷത വഹിച്ചു. തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ്, നഗരസഭാംഗങ്ങളായ ഷൈമ മണന്തല, റസിയ ഫൈസൽ, അൻവർ കായിരികണ്ടി, ചെറിയാവി സുരേഷ് ബാബു, എൻ പി ആതിര,

പ്രശസ്ത എഴുത്തുകാരായ സോമൻ കടലൂർ, മേലടി മുഹമ്മദ്, ഇബ്രാഹിം തിക്കോടി, ഖാദർ പള്ളിക്കര, സിനിമാ നടനും മിമിക്രി ആർട്ടിസ്റ്റുമായ മണിദാസ് പയ്യോളി, സംഘടനാ ഭാരവാഹികളായ എം പി ഷിബു, മഠത്തിൽ നാണു, മഠത്തിൽ അബ്ദുറഹിമാൻ,

സബീഷ് കുന്നങ്ങോത്ത്, വി എം ഷാഹുൽ ഹമീദ്, കെ പി റാണാ പ്രതാപ്, കെ ടി രാജ് നാരായണൻ, പടന്നയിൽ പ്രഭാകരൻ, ഡോ. രാഗേഷ് ഝാ, എ കെ ബൈജു പ്രസംഗിച്ചു. സെക്രട്ടറി കെ പി നന്ദു ലാൽ സ്വാഗതവും മാണിക്കോത്ത് പ്രമോദ് നന്ദിയും പറഞ്ഞു.

ചിത്രങ്ങൾ: സുരേന്ദ്രൻ പയ്യോളി
Discussion about this post