പാലക്കാട്: കെഎസ്ഇബി ജീവനക്കാർക്ക് പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്. ഇരുചക്ര വാഹനത്തിൽ ഹെൽമെറ്റ് ഇല്ലാതെയും ഇൻഷുറൻസ് ഇല്ലാതെയും യാത്ര ചെയ്തതിനാണ് പിഴ ഈടാക്കിയത്. ഇൻഷുറൻസ് ഇല്ലാത്തതിന് 2000 രൂപയും ഹെൽമെറ്റ് ധരിക്കാത്തതിന് 500 രൂപയും ഈടാക്കി.
അതേസമയം എംവിഡി ഓഫീസുകളിൽ കെഎസ്ഇബിയുടെ ഫ്യൂസ് ഊരൽ, വൈരാഗ്യം തീർക്കില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി വ്യക്തമാക്കി മോട്ടോർ വാഹന വകുപ്പുമായി വൈദ്യുതി വകുപ്പിന് ഭിന്നതയില്ല. വിവിധ ജില്ലകളിലെ ബോധപൂർവമെന്ന ആക്ഷേപം പരിശോധിക്കും. വാടക ഇനത്തിൽ കിട്ടേണ്ട കോടികൾ പിടിച്ചെടുക്കുന്നതിന് മുൻഗണനയെന്നും മന്ത്രി വ്യക്തമാക്കി.
കൽപ്പറ്റയിൽ തുടക്കമിട്ട മോട്ടോർ വാഹന വകുപ്പ് – കെഎസ്ഇബി പോര് തുടരുകയാണ്. കൽപ്പറ്റയിൽ ടച്ച് വെട്ടാനായി തോട്ടി കെട്ടിവെച്ചു പോയ കെഎസ്ഇബി വാഹനത്തിന് പിഴ നോട്ടിസ് നൽകിയ എഐ ക്യാമറ കൺട്രോൾ റൂമിന്റെ ഫ്യൂസ് കെഎസ്ഇബി ഊരിയിരുന്നു. ബിൽ തുക കുടിശികയായതിനെ തുടർന്നാണ് മട്ടന്നൂരിലെ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് ഓഫീസിലെ വൈദ്യുതി കണക്ഷൻ കെഎസ്ഇബി വിഛേദിച്ചത്.
ജൂലൈ 1ന് രാവിലെ ജീവനക്കാർ എത്തിയാണ് ഫ്യൂസൂരിയത്. ഏപ്രിൽ, മെയ് മാസത്തെ ബിൽ തുകയായ 52820 രൂപ നിലവിൽ കുടിശ്ശികയുണ്ട്. ബിൽ തുക കുടിശികയായതിനാലാണ് ഫ്യൂസൂരിയതെന്നും മറ്റു കാരണങ്ങളില്ലെന്നും കെഎസ്ഇബി ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Discussion about this post