ഹത്രാസ് : ഉത്തർപ്രദേശിലെ ഹത്രാസിൽ നടന്ന ഒരു വിവാഹം നവവരന് സമ്മാനിച്ചത് ജീവിതത്തിലൊരിക്കലും മറക്കാനാവാത്ത ഭീകരമായ അനുഭവങ്ങൾ. ആദ്യരാത്രിയിൽ ഭർത്താവിനെ കത്തിമുനയിൽ നിർത്തിയ നവവധു, പിറ്റേന്ന് വീട്ടുകാരെ മയക്കിക്കിടത്തി ലക്ഷങ്ങൾ വിലവരുന്ന സ്വർണ്ണാഭരണങ്ങളുമായി സ്വന്തം ചെറിയച്ഛനൊപ്പം ഒളിച്ചോടി.
ഫെബ്രുവരി 21-നായിരുന്നു യുവാവും പെൺകുട്ടിയും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹസമയത്തോ ചടങ്ങുകളിലോ പെൺകുട്ടിയുടെ പെരുമാറ്റത്തിൽ ആർക്കും സംശയം തോന്നിയിരുന്നില്ല.ഫെബ്രുവരി 22-ന് വധു ഭർത്താവിന്റെ വീട്ടിലെത്തി. രാത്രി ഒൻപത് മണിയോടെ വരൻ മണിയറയിലെത്തിയപ്പോൾ കണ്ടത് കയ്യിൽ കത്തിയുമായി നിൽക്കുന്ന വധുവിനെയാണ്. തന്നെ സ്പർശിക്കാൻ ശ്രമിച്ചാൽ കൊല്ലുമെന്നായിരുന്നു യുവതിയുടെ ഭീഷണി. ഭർത്താവിനെ ആക്രമിക്കാനും യുവതി മുതിർന്നു.
യുവതിയുടെ പെരുമാറ്റത്തിൽ ഭയന്ന യുവാവ് ഉടൻ തന്നെ പെൺകുട്ടിയുടെ വീട്ടുകാരെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ ബന്ധുക്കൾ, പുതിയ അന്തരീക്ഷത്തിൽ വന്നതിന്റെ പരിഭ്രാന്തിയാകാമെന്ന് പറഞ്ഞ് എല്ലാവരെയും സമാധാനിപ്പിച്ചു. എന്നാൽ ഇത് വരാനിരിക്കുന്ന വലിയൊരു ചതിയുടെ തുടക്കമായിരുന്നു. പിറ്റേന്ന് വീട്ടുകാർക്കായി തയ്യാറാക്കിയ ഭക്ഷണത്തിൽ യുവതി ഉറക്കഗുളിക കലർത്തി. ഭക്ഷണം കഴിച്ച വീട്ടുകാർ ബോധരഹിതരായതോടെ, വീട്ടിലുണ്ടായിരുന്ന ലക്ഷങ്ങൾ വിലവരുന്ന സ്വർണ്ണാഭരണങ്ങളുമായി യുവതി കടന്നുകളയുകയായിരുന്നു.
വീട്ടുകാർക്ക് ബോധം വന്നപ്പോഴാണ് കവർച്ച നടന്ന വിവരവും വധുവിനെ കാണാനില്ലെന്ന കാര്യവും പുറത്തറിയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ വെളിപ്പെട്ടത്. യുവതിക്ക് സ്വന്തം ചെറിയച്ഛനുമായി (അച്ഛന്റെ സഹോദരൻ) പ്രണയമുണ്ടായിരുന്നു. ഇവർ രണ്ടുപേരും ചേർന്നാണ് വിവാഹവും തുടർന്നുള്ള കവർച്ചയും ആസൂത്രണം ചെയ്തത്. വരന്റെ വീട്ടിൽ നിന്ന് കൈക്കലാക്കിയ സ്വർണ്ണവുമായാണ് ഇരുവരും ഒളിച്ചോടിയത്.




































Discussion about this post