ന്യൂഡൽഹി: ക്ളാസ് മുറിക്കുള്ളിൽ കയറി രണ്ട് വിദ്യാർത്ഥിനികളോട് ലൈംഗികാതിക്രമം നടത്തിയ നാൽപ്പതുകാരൻ അറസ്റ്റിൽ. കഴിഞ്ഞ ദിവസം പുറത്തിറക്കിയ രേഖാചിത്രത്തിന്റെ സഹായത്തോടെയാണ് പൊലീസ് ഇയാളെ പിടികൂടിയത്. ഡൽഹി മുനിസിപ്പൽ കോർപ്പറേഷന്റെ (എംസിഡി) കീഴിലുള്ള സ്കൂളിൽ കഴിഞ്ഞ ഏപ്രിൽ 30നാണ് സംഭവം നടന്നത്.
സ്കൂളിലെ അസംബ്ളിയ്ക്ക് ശേഷം ക്ളാസിനുള്ളിൽ അദ്ധ്യാപികയെ കാത്തിരുന്ന വിദ്യാർത്ഥികൾക്കിടയിലേക്ക് കടന്ന അജ്ഞാതൻ രണ്ട് പെൺകുട്ടികളോട് അതിക്രമം കാട്ടുകയായിരുന്നു. ഇവർ പറഞ്ഞുകൊടുത്ത വിവരങ്ങൾ അനുസരിച്ചായിരുന്നു പൊലീസ് അക്രമിയുടെ രേഖാചിത്രം തയ്യാറാക്കിയത്.
സ്കൂൾ പ്രവർത്തന സമയത്ത് ഒരാൾക്ക് സ്കൂളിന്റെ പരിസരത്ത് കടന്ന് ഇത്തരത്തിൽ അതിക്രമം നടത്താൻ കഴിയുന്നത് അപമാനകരമാണെന്ന് ഡൽഹി ഡെപ്യൂട്ടി സ്പീക്കർ രാഖി ബിർള പറഞ്ഞു. സംഭവം നടന്ന് മൂന്ന് നാല് ദിവസം വരെ പതിനഞ്ച് വർഷമായി ബിജെപി ഭരിക്കുന്ന ഡൽഹി മുനിസിപ്പൽ കോർപ്പറേഷനോ പൊലീസോ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും രാഖി ബിർള ആരോപിച്ചു. സംഭവത്തിൽ അന്വേഷണം നടത്താത്തതിൽ വിശദീകരണം ആവശ്യപ്പെട്ട് ഡൽഹി വനിതാ കമ്മീഷൻ നോട്ടീസ് നൽകിയതിന് ശേഷമാണ് പൊലീസ് അന്വേഷണം ആരംഭിച്ചതെന്നും ഡെപ്യൂട്ടി സ്പീക്കർ കുറ്റപ്പെടുത്തി.
സ്കൂളുകളിൽ പോലും പെൺകുട്ടികൾ സുരക്ഷിതരല്ല. എംസിഡിയുടെ കീഴിലുള്ള സ്കൂളുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടില്ല. എംസിഡി അധികൃതരും സ്കൂൾ അധികൃതരും സംഭവം പുറത്തുപറയരുതെന്ന് കുട്ടികളുടെ മാതാപിതാക്കളോട് ആവശ്യപ്പെട്ടതായും രാഖി ബിർള ആരോപിച്ചു.
Discussion about this post