പയ്യോളി: സാമൂതിരി മഹാരാജാവിൻ്റെ നാവിക സേന മേധാവിയായിരുന്ന കുഞ്ഞാലി മരയ്ക്കാരുടെ വീര സ്മരണകളുറങ്ങുന്ന കോട്ടക്കലിൽ ഏഴിമല നാവിക അക്കാദമിയിലെ സൈനികരെത്തി. ആസാദി കാ അമൃത് മഹോത്സവത്തിൻ്റെ ഭാഗമായി റീത്ത് ലെയിങ്ങ് സെറിമണി ചടങ്ങിനാണ് സൈനികർ കുഞ്ഞാലി മരയ്ക്കാർ സ്മാരക മ്യൂസിയത്തിലെത്തിയത്.
കുഞ്ഞാലി മരയ്ക്കാർ സ്മാരകത്തിൽ കമാണ്ടർ കലേഷ് മോഹനൻ, ലഫ്റ്റനൻ്റ് ആയുഷ് കുമാർ എന്നിവർ ചേർന്ന് പുഷ്പചക്രവും, തുടർന്ന് ആദര സൂചകമായി സല്യൂട്ടുമർപ്പിച്ചു.
ഏഴിമല നാവിക അക്കാദമിയിലെ 58 അംഗ സംഘമാണ് കുഞ്ഞാലി മരയ്ക്കാർ സ്മാരകത്തിലെത്തിയത്. ജില്ലയിലെ പൈതൃക സ്മാരകങ്ങൾ, കാപ്പാട്, തളിക്ഷേത്രം, മ്യൂസിയം, ബേപ്പൂർ ഉരു നിർമാണ കേന്ദ്രം എന്നിവ സംഘം സന്ദർശിക്കും.
നേരത്തേ, തച്ചോളി ഒതേന കുറുപ്പ് പൈതൃക കളരിയിലെ വിദ്യാർത്ഥികൾ കോട്ടക്കൽ കുഞ്ഞാലി മരക്കാർ ജന്മ സ്മാരകത്തിൽ നാവിക അക്കാദമി സംഘത്തിന് സ്വീകരണം നൽകി.
450 വർഷങ്ങൾക്ക് മുമ്പ് തച്ചോളി ഒതേനനൻ പൊന്ന്യത്തങ്കത്തിനു പുറപ്പെടുമ്പോൾ ആത്മമിത്രമായ കുഞ്ഞാലി മരക്കാർ തച്ചോളി മാണിക്കോത്ത് എത്തി അനുവാദം നൽകിയതിൻ്റെ ഓർമ്മ പുതുക്കലായി ഈ അപൂർവ്വ സംഗമം.
ഒരു കാലഘട്ടത്തിൻ്റെ സൗഹാർദ്ദത്തിൻ്റെ സ്മരണയുണർത്താൻ കളരി സംഘത്തിലെ വിദ്യാർഥികൾക്ക് കഴിഞ്ഞു. കളരി അഭ്യാസമുറകളും ചുവടുകളും നാവിക സംഘത്തിന് മുന്നിൽ പ്രദർശിപ്പിച്ചു. കേരള സ്റ്റേറ്റ് സ്പോർട്സ് കളരിപ്പയറ്റ് അസോസിയേഷൻ്റെ ഭാഗമാണ് തച്ചോളി ഒതേനക്കുറപ്പ് പൈതൃക കളരി. ഇന്ത്യൻ നേവിയുമായി ബന്ധപ്പെട്ട് നിരവധി കേന്ദ്രങ്ങളിൽ കളരി പയറ്റ് പ്രദർശനം നടത്തിയിട്ടുണ്ട്.
പയ്യോളി നഗരസഭ അധ്യക്ഷൻ വടക്കയിൽ ഷഫീഖിൻ്റെ നേതൃത്വത്തിൽ സ്ഥിരം സമിതി അധ്യക്ഷ സുജല ചെത്തിൽ, നഗരസഭാംഗം അഷ്റഫ് കോട്ടക്കൽ, മ്യൂസിയം ഓഫീസർ ഇൻ ചാർജ് കെ പി സദു, സുശീൽ കുമാർ, സി പി സദഖത്തുള്ള, എസ് വി റഹ്മത്തുള്ള, കെ പി വിജയൻ, അഷ്‌റഫ് മുനമ്പത്ത് എന്നിവർ നാവിക സംഘത്തെ സ്വീകരിച്ചു. ചടങ്ങിന് ശേഷം പായസവിതരണവും നടന്നു.
Discussion about this post