കൊല്ലം: നീറ്റ് പരീക്ഷയിൽ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ പരാതിയുമായി കൂടുതൽ പെൺകുട്ടികൾ രംഗത്ത്. കൊട്ടാരക്കര ഡി വൈ എസ് പിക്ക് മുന്നിൽ മൂന്ന് പെൺകുട്ടികൾ കൂടി പരാതി നൽകി. അടിവസ്ത്രം അഴിപ്പിച്ചതോടെ മുടി പിന്നിലിട്ടാണ് പരീക്ഷയെഴുതിയതെന്നും പരീക്ഷ കഴിഞ്ഞിറങ്ങിയപ്പോൾ അടിവസ്ത്രം കൈയിൽ ചുരുട്ടികൊണ്ട് പോകാൻ പറഞ്ഞതായും വിദ്യാർത്ഥികൾ വെളിപ്പെടുത്തി.
കൊല്ലം ആയൂരിലെ പരീക്ഷാകേന്ദ്രത്തിൽ വച്ചാണ് പെൺകുട്ടികൾക്ക് ദുരനുഭവം നേരിടേണ്ടി വന്നത്. ഹുക്കുള്ള അടിവസ്ത്രമാണോയെന്ന് ചോദിച്ച ശേഷം വസ്ത്രം മാറാൻ പറയുകയായിരുന്നു. അടിവസ്ത്രം മാറാൻ പറഞ്ഞപ്പോഴും പലരും കരുതിയിരുന്നത് അടച്ചുറപ്പുള്ള സുരക്ഷിതമായ മുറിയുണ്ടാകുമെന്നാണ്.
എന്നാൽ, അവിടെയുണ്ടായിരുന്നത് ഒരു മേശ മാത്രമാണെന്നും എല്ലാവരുടെയും അടിവസ്ത്രങ്ങൾ അതിലേക്ക് കൂട്ടിയിടുകയുമായിരുന്നു ചെയ്തത്. അമ്മയുടെ ഷാൾ കൊണ്ട് മറച്ചാണ് അടിവസ്ത്രം ഊരി മാറ്റിയത്. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ പലരും തങ്ങളുടെ വസ്ത്രം തിരികെ കിട്ടുമോയെന്ന് സംശയിച്ചാണ് ക്ലാസിനകത്തേക്ക് കയറിയതെന്നും വിദ്യാർത്ഥികൾ പരാതി പറഞ്ഞു.
പലർക്കും ഷാൾ ഇല്ലാത്തതുകൊണ്ടു തന്നെ വസ്ത്രം അഴിച്ചുമാറ്റിയത് വിദ്യാർത്ഥികളെ കടുത്ത മാനസിക സമ്മർദ്ദത്തിന് ഇരയാക്കി. രണ്ടു വശത്തേക്കും മുടി മുന്നിലേക്ക് ഇട്ടാണ് ക്ലാസിൽ കയറിയത്. ആൺകുട്ടികൾക്കൊപ്പം ഒന്നിച്ചാണ് പരീക്ഷ എഴുതേണ്ടി വന്നതും മാനസിക പ്രയാസമുണ്ടാക്കിയതായ അവർ പറഞ്ഞു. എന്നാൽ പുറത്തിറങ്ങിയപ്പോൾ അടിവസ്ത്രം എടുക്കുന്നടിത്ത് വലിയ തിരക്കാണ് കണ്ടതെന്നും വസ്ത്രം കൈയിൽ ചുരുട്ടി കൊണ്ട് പോകാനാണ് അവിടെ നിന്നവർ പറഞ്ഞതെന്നും പെൺകുട്ടികൾ ആരോപിച്ചു.
അതേസമയം, സംഭവം വിവാദമായതോടെ അടിയന്തര അന്വേഷണത്തിന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ നിർദേശം നൽകി. വിദ്യാഭ്യാസ അഡീഷണൽ സെക്രട്ടറിയോട് മന്ത്രി റിപ്പോർട്ട് തേടി. കേരളത്തിൽ നിന്നുള്ള ലോക്സഭാംഗങ്ങൾ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയ സാഹചര്യത്തിലാണ് മന്ത്രിയുടെ ഇടപെടൽ.
Discussion about this post