കൊല്ലം: ആയൂര്‍ മാര്‍ത്തോമ കോളേജിലേക്ക് വിദ്യാര്‍ഥി സംഘടനകള്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ കൊടിയുടെ നിറം നോക്കാതെ പോലീസ് നടപടി. മൂന്ന് മുന്നണികളുടേയും വിദ്യാര്‍ഥി യുവജന സംഘടനകളുടെ പ്രവര്‍ത്തകർക്കുനേരെ പോലീസ് ലാത്തിവീശി. പരീക്ഷയ്‌ക്കെത്തിയ പെണ്‍കുട്ടികളെ മാനസികമായി തളര്‍ത്തുന്ന നിലപാടാണ് കോളേജില്‍ നടന്നതെന്നും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലായിരുന്നു നടപടിയെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം.യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകരാണ് ആദ്യം പ്രതിഷേധവുമായി എത്തിയത്. പ്രവര്‍ത്തകരും പോലീസും തമ്മില്‍ വാക്കേറ്റമുണ്ടായി.
ഇതിന് പിന്നാലെ പ്രവര്‍ത്തകര്‍ കോളേജ് കെട്ടിടത്തിലെ ജനല് ചില്ലുകള്‍ അടിച്ച് തകര്‍ക്കുകയും പോലീസിന് നേരെ കല്ലെറിയുകയുമായിരുന്നു. ഇതിന് പിന്നാലെ പോലീസ് ലാത്തി വീശുകയും ചെയ്തു. ഈ സമയത്താണ് എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും കോളേജ് കവാടത്തിലെത്തിയത്. ഇതോടെ പോലീസിന് രണ്ട് ഭാഗത്തായി നിലയുറപ്പിക്കേണ്ടി വന്നു. പോലീസിനെ തള്ളിമാറ്റിയും ബാരിക്കേഡ് മറിച്ചിട്ടും പ്രവർത്തകർ അകത്തേക്ക് കടക്കാന്‍ ശ്രമിച്ചു. ഇതോടെ ഇവര്‍ക്ക് നേരെയും പോലീസ് ലാത്തി വീശി. ഇതിന് പിന്നാലെ എബിവിപി പ്രവര്‍ത്തകരും പ്രതിഷേധവുമായി എത്തി.
കോളേജ് കോമ്പൗണ്ടിലേക്ക് കടന്ന് അക്രമം കാണിച്ച പ്രവര്‍ത്തകരെ പോലീസ് തല്ലിച്ചതയ്ക്കുകയും ചെയ്തു. പരിക്കേറ്റ പ്രവര്‍ത്തകരെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ തയ്യാറായില്ല. ഇവരുമായി പ്രതിഷേധം തുടർന്നു. ഇതിനിടെ ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കോളേജിലേക്ക് കല്ലെറിഞ്ഞു. ഇന്ന് നടക്കുന്ന പ്രകടനങ്ങളില്‍ അക്രമം നടക്കുമെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.
Discussion about this post