
കോഴിക്കോട്: കെ പി സി സി സംഘടിപ്പിക്കുന്ന ‘നവ സങ്കൽപ്പ് ചിന്തൻ ശിബിര’ത്തിന് ഇന്ന് കോഴിക്കോട്ട് തുടക്കം. സംഘടനാ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി രാവിലെ പത്ത് മണിയ്ക്ക് രണ്ടു ദിവസത്തെ ചിന്തൻ ശിബിരം ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ബീച്ചിന് സമീപമുള്ള ആസ്‌പിൻകോർട്ട് യാർഡിലാണ് ചടങ്ങ് നടക്കുന്നത്.

രാജസ്ഥാനിലെ ഉദയ്‌പൂരിൽ നടന്ന ചിന്തൻ ശിബിരത്തിന്റെ തുടർച്ചയായാണ് കോഴിക്കോട് നടക്കുന്നത്. സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങളും ലോക്‌സഭാ തിരഞ്ഞെടുപ്പ് തന്ത്രങ്ങളും ചിന്തൻ ശിബിരത്തിൽ ചർച്ചയാകും.

ചടങ്ങിൽ കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ അദ്ധ്യക്ഷത വഹിക്കും. കേരളത്തിന്റെ ചുമതലയുള്ള ഐ സി സി ജനറൽ സെക്രട്ടറി താരിഖ് അൻവർ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കോൺഗ്രസ് പ്രവർത്തക സമിതി അംഗവും ഐ സി സി ജനറൽ സെക്രട്ടറിയുമായ ഉമ്മൻചാണ്ടി, മദ്ധ്യപ്രദേശ് മുൻമുഖ്യമന്ത്രി ദ്വിഗ്വിജയ് സിംഗ്, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഐ സി സി സെക്രട്ടറി വിശ്വനാഥ പെരുമാൾ എന്നിവർ സംസാരിക്കും.

191 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. അഞ്ച് കമ്മിറ്റികളാണ് ചിന്തൻ ശിബിരത്തിന്റെ ചർച്ചാ വിഷയങ്ങൾ തയ്യാറാക്കുന്നത്. ഇവയെ അധികരിച്ച് പ്രതിനിധികളുടെ ചർച്ച നടക്കും.

ചിന്തൻ ശിബിരത്തിന്റെ മുന്നോടിയായി നഗരത്തിൽ വിളംബര ജാഥ സംഘടിപ്പിച്ചിരുന്നു. യൂത്ത് കോൺഗ്രസ്, കെ എസ് യു, മഹിളാ കോൺഗ്രസ് ആഭിമുഖ്യത്തിൽ നടന്ന വിളംബര ജാഥ കെ കെ എബ്രഹാമാണ് ഫ്ളാഗ് ഓഫ് ചെയ്തത്.






































Discussion about this post