പേരാമ്പ്ര: പേരാമ്പ്ര നിയോജക മണ്ഡലത്തിലെ 152 പട്ടികജാതി കോളനികളെയും ഒമ്പത് പട്ടിക വർഗ കോളനികളെയും കേന്ദ്രീകരിച്ച് നടപ്പിലാക്കുന്ന നവജീവനം 22 – 25 പദ്ധതിക്ക് ചെറുവണ്ണൂരിൽ തുടക്കമായി. കോളനികളിലെ വിദ്യാഭ്യാസം, ആരോഗ്യം, ഭൗതിക വികസനം എന്നിവ ലക്ഷ്യമിട്ട് മൂന്ന് വർഷക്കാലം കൊണ്ട് നടപ്പിലാക്കുന്ന പദ്ധതിയാണ് നവജീവനം.
പദ്ധതിയുടെ ആദ്യഘട്ടമായി കോഴിക്കോട് ആസ്റ്റർ മിംസുമായ് സഹകരിച്ച് കോളനി നിവാസികളുടെ കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തി തുടർചികിത്സ ലഭ്യമാക്കുന്ന മെഡിക്കൽ ക്യാമ്പുകൾക്ക് തുടക്കമായി. തുടർ ചികിൽസ ആവശ്യമുള്ളവർക്ക് മിംസിൽ ചികിൽസ ലഭ്യമാക്കുന്ന രീതിയിലാണ് പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്.
ചെറുവണ്ണൂർ ഗ്രാമ പഞ്ചായത്തിലെ എടച്ചേരിച്ചാൽ കോളനിയിൽ മെഡിക്കൽ കേമ്പ് ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി പി പ്രവിത ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം ആർ പി ശോഭിഷ് അധ്യക്ഷനായിരുന്നു.
സി എച്ച് ഇബ്രാഹിം കുട്ടി, കെ പ്രദീപൻ , വി ബി രാജേഷ്, എ കെ ഉമ്മർ , സി ബാലകൃഷ്ണൻ, ആർ പി രവീന്ദ്രൻ, കെ പി വേണുഗോപാൽ, എം കെ സുരേന്ദ്രൻ , ഇ സി ബാലൻ സംസാരിച്ചു. തുടർന്ന് വൈകുന്നേരം കക്കറ മുക്കിലും മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പതിനാലാം വാർഡ് മെമ്പർ ശ്രീഷ ഗണേഷ് ഉദ്ഘാടനം ചെയ്തു. ഏപ്രിൽ അഞ്ചുവരെ അഞ്ച് പഞ്ചായത്തിലെ 10 കോളനികൾ കേന്ദ്രീകരിച്ചു കൊണ്ട് മെഡിക്കൽ ക്യാമ്പുകൾ തുടരും .
Discussion about this post