കോട്ടയം: കോട്ടയം നട്ടാശേരിയില്‍ ഇന്നും സംഘര്‍ഷം. സില്‍വര്‍ലൈന്‍ കല്ലിടലുമായി ബന്ധപ്പെട്ടാണ് സംഘർഷമുണ്ടായത്. രാവിലെ എട്ടരയോടെ വന്‍ പൊലീസ് സന്നാഹത്തോടെയാണ് കല്ലിടല്‍ നടപടികള്‍ പുനഃരാരംഭിക്കാന്‍ ഉദ്യോഗസ്ഥരെത്തിയത്. ജനപ്രതിനിധികളെ ഉള്‍പ്പെടെ സ്ഥലത്തേക്ക് കടത്തിവിടാതെ പൊലീസ് വഴി തടഞ്ഞു.
നഗരസഭാ കൗണ്‍സിലര്‍മാര്‍ എത്തിയിട്ടും പൊലീസ് കടത്തിവിടാന്‍ തയാറായില്ല. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ജനപ്രതിനിധികള്‍ എത്തിയത്. വഴിതടഞ്ഞ് ആരെയും അറിയിക്കാതെ എന്താണ് നടക്കുന്നതെന്ന് അറിയണമെന്ന് ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു.
ഇത് പാറമ്പുഴയാണെന്നും പാക്കിസ്ഥാന്‍ അതിര്‍ത്തി അല്ലെന്നും ജനപ്രതിനിധികള്‍ വ്യക്തമാക്കി. എല്ലാ കല്ലിനും എല്ലാ ദിവസവും കാവൽ നിൽക്കാൻ പൊലീസിനു കഴിയില്ലെന്നും ജനപ്രതിനിധികള്‍ പറഞ്ഞു. നേരം വെളുക്കുന്നതിനു മുൻപ് ഇത്രയും പൊലീസെത്തി പേടിപ്പിക്കുകയാണ്. ഞങ്ങള്‍ തീവ്രവാദികളാണെന്നു ചാനലില്‍വന്ന് നേതാക്കള്‍ പറയരുതെന്നും നാട്ടുകാര്‍ പറഞ്ഞു. പൊലീസ് നടപടിയെ തുടര്‍ന്ന് നാട്ടുകാര്‍ സിൽവർലൈൻ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കി സ്ഥലത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. സ്ത്രീകളടക്കം നിരവധിപ്പേരാണു രംഗത്തുള്ളത്.
മലപ്പുറം തിരുനാവായയിലും നാട്ടുകാര്‍ പ്രതിഷേധരംഗത്തുണ്ട്. ഇന്നലെ പ്രതിഷേധത്തെ തുടര്‍ന്ന് സര്‍വേ നടപടികള്‍ നിര്‍ത്തിവച്ചിരുന്നു. ഇന്നു വീണ്ടും ഉദ്യോഗസ്ഥരെത്തുമെന്നു സൂചനയുള്ളതിനാൽ നാട്ടുകാര്‍ സ്ഥലത്തു തമ്പടിച്ചിരിക്കുകയാണ്. അതേസമയം, കോഴിക്കോട്ടും ചോറ്റാനിക്കരയിലും സിൽവർലൈൻ കല്ലിടൽ സർവേ മാറ്റിവച്ചു.
Discussion about this post