പയ്യോളി: ദേശീയ പാത ആറുവരിപ്പാതയായി വികസിക്കുന്നതിനുള്ള നിർമാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിലായതോടെ വിവിധ തരത്തിൽ ആളുകൾ ബുദ്ധിമുട്ടുകളനുഭവിക്കുകയാണ്.
ദേശീയപാതാ വികസനത്തിൻ്റെ ഭാഗമായി കോരപ്പുഴ മുതൽ അഴിയൂർ വരെ, മിക്ക സ്ഥലങ്ങളുടെയും മുഖഛായ തന്നെ നഷ്ടമായിരിക്കുന്നു. ബസ്സിറങ്ങാനുള്ള അടയാളങ്ങളായി കണ്ട കാത്തിരിപ്പു കേന്ദ്രങ്ങൾ ഒന്നുറങ്ങി ഉണരുമ്പോഴെയ്ക്കും നഷ്ടമാവുകയാണ്.നൂറു കണക്കിന് കാത്തിരിപ്പ് കേന്ദ്രങ്ങളാണ് ഇടിച്ച് നിരത്തപ്പെട്ടത്.
യാത്രക്കാർക്ക് ഇറങ്ങേണ്ട സ്ഥലനാമങ്ങളുടേയും മറ്റു അടയാളങ്ങളും, ഭൂപ്രകൃതി തന്നെയും മാറിയതോടെ, തങ്ങൾക്കിറങ്ങേണ്ട സ്റ്റോപ്പിൽ ഇറങ്ങാൻ കഴിയാതെ മറ്റിടങ്ങളിലേക്ക് തെറ്റിയിറങ്ങുന്ന കാഴ്ചപതിവാകുകയാണ്. ഇത് പ്രധാനമായും ബുദ്ധിമുട്ടിക്കുന്നത് പ്രായമായവരെയും കുട്ടികളെയും സ്ത്രീകളെയുമാണ്.
രാത്രികാലങ്ങളിൽ സ്ഥലം മനസ്സിലാവാതെ മാറി ഇറങ്ങിപ്പോവുന്നത് യാത്രക്കാരെ ചില്ലറയൊന്നുമല്ല ബുദ്ധിമുട്ടിക്കുന്നത്. തിരിച്ചു ഇറങ്ങേണ്ട സ്ഥലങ്ങളിൽ പോവാൻ വാഹനങ്ങളില്ലാതെ നടന്നു പോവേണ്ട ദുരിതത്തിലാണ് യാത്രികർ.
യാത്രക്കാരനുഭവിക്കുന്ന ഈ പ്രശ്നത്തിന് ഇരിങ്ങലിൽ, ഒരു കുട്ടം ചെറുപ്പക്കാരുടെ കൂട്ടായ്മ പരിഹാരം കണ്ടെത്തിയിരിക്കുകയാണ്. ‘ഇരിങ്ങൽ’ എന്ന് വലിയ അക്ഷരങ്ങളിലെഴുതിയ ബോർഡ് സ്ഥാപിച്ചാണ് ചെറുപ്പക്കാർ മാതൃകയായത്. നഷ്ടപ്പെട്ട ബസ്സ് കാത്തിരിപ്പ് കേന്ദ്രം ഈയടുത്ത കാലത്തൊന്നും തിരിച്ചുപിടിക്കാൻ കഴിയില്ലെങ്കിലും സ്ഥലം തെറ്റാതെ ഇറങ്ങാൻ ഇത്തരം ബോർഡുകൾ സഹായിക്കുമെന്നത് യാഥാർഥ്യം. ഇക്കാര്യം സൂചിപ്പിച്ച് എഴുത്തുകാരനായ ബൈജു ഇരിങ്ങൽ ഇതു സംബന്ധിച്ച് വാട്സാപ്പിൽ കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു.
Discussion about this post