പയ്യോളി: ദേശീയപാതാ വികസനത്തിൻ്റെ മറവിൽ വ്യാപകമായി വയലുകളും ചതുപ്പുകളും നികത്തപ്പെടുന്നു. പരിസ്ഥിതിക്ക് ദൂരവ്യാപക ഫലങ്ങളുളവാക്കുന്ന അനീതിക്കെതിരെ പ്രതികരിക്കാൻ പരിസ്ഥിതി സ്നേഹികളെന്ന് പറയുന്നവർക്കോ, സർക്കാർ സംവിധാനത്തിനോ കഴിയുന്നില്ലെന്നതാണ് ഏറെ ദു:ഖകരം.
അയനിക്കാട് കളരിപ്പടി ബസ്സ് സ്റ്റോപ്പിന് തൊട്ടടുത്ത് പൊയിൽ താഴ പാടശേഖരവും ചതുപ്പുമാണ് പൂർണമായും നികത്തിയെടുത്തത്. ദേശീയപാത ജോലിക്കാർക്ക് താമസ സൗകര്യമൊരുക്കുന്നതിന് ഷെഡ് നിർമാണത്തിനെന്ന് പറഞ്ഞാണ് ഏകദേശം അരയേക്കറോളം വരുന്ന വയൽ, ചതുപ്പ് പ്രദേശം യാതൊരു ദാക്ഷിണ്യവുമില്ലാതെ നികത്തിയെടുത്തത്.
നേരത്തേ, സമീപത്തെ കൊക്കർണി വയൽ നികത്തുന്നതിനെതിരായി അണിനിരന്ന ഒരൊറ്റ പരിസ്ഥിതിവാദിയും നഗ്നമായ ഈ നിയമലംഘനങ്ങൾ കാണുന്നില്ലെന്നതാണ് വിചിത്രം. അതോ കണ്ണടയ്ക്കുന്നതോ…?
പയ്യോളി നഗരസഭയിലും സമീപ തദ്ദേശ സ്വയംഭരണ സ്ഥാപന പരിധികളിലും നൂറ് കണക്കിന് ലോഡ് മണലാണ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കടത്തി തണ്ണീർത്തടങ്ങളും വയലുകളും തോടുകളും നികത്തിയെടുക്കുന്നത്.
ദേശീയപാതാ നിർമാണ ജോലിയുമായി ബന്ധപ്പെട്ട് വശങ്ങളിൽ ആഴത്തിൽ കുഴിച്ചെടുക്കുന്ന മണലാണ് വയലും ജലസ്രോതസ്സുകളും നികത്താനായി ഉപയോഗിക്കുന്നത്. കുഴിച്ചെടുത്ത് നിക്ഷേപിക്കപ്പെടുന്ന മണലാണ് എടുത്തു മാറ്റി ഇങ്ങിനെ കൊണ്ടു പോകുന്നത്. മറ്റ് വിവിധങ്ങങ്ങളായ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടെങ്കിലും ഭൂരിഭാഗവും ഇത്തരം വയലുകളും ജല സ്രോതസ്സുകളും നികത്തുന്നതിനാണെന്നതാണ് യാഥാർഥ്യം.
Discussion about this post