നന്തി: മലിനമായ കിണറുകള്‍ ശുദ്ധീകരിക്കണമെന്നും വഗാഡ് കമ്പനി കാരണം ദുരിതത്തിലായ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നുമാവശ്യപ്പെട്ട് പ്രദേശവാസികള്‍ വഗാഡ് ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി. സി പി എം നന്തി ലോക്കല്‍ കമ്മറ്റി നേതൃത്വത്തില്‍ നടത്തിയ ബഹുജന ധര്‍ണ പാര്‍ട്ടി ജില്ലാ കമ്മറ്റി അംഗവും മുന്‍ എം എല്‍ എയുമായ കെ ദാസന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാകമ്മറ്റി അംഗവും ഏരിയ കമ്മിറ്റി സെക്രട്ടറിയുമായ എം പി ഷിബു, ഏരിയ കമ്മിറ്റി അംഗവും മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ സി കെ ശ്രീകുമാര്‍, വൈസ് പ്രസിഡണ്ട് ഷീജ പട്ടേരി തുടങ്ങിയവര്‍ സംസാരിച്ചു. ഏരിയാ കമ്മറ്റി അംഗം കെ ജീവാനന്ദന്‍ അദ്ധ്യക്ഷത വഹിച്ചു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ വിജയരാഘവന്‍ സ്വാഗതവും ജനകീയ സമരസമിതി കണ്‍വീനര്‍ എന്‍ കെ കുഞ്ഞിരാമന്‍ നന്ദിയും പറഞ്ഞു.
200ഓളം ആളുകള്‍ വഗാഡ് ലേബര്‍ ക്യാമ്പില്‍ താമസിക്കുന്നുണ്ടെന്ന് ജനകീയ സമിതി ഭാരവാഹികള്‍ പറഞ്ഞു. കക്കൂസ് മാലിന്യങ്ങള്‍ പ്രാചീന കാലത്തെന്നപോലെ മണ്ണില്‍ കുഴിയുണ്ടാക്കി അതിലേക്ക് പൈപ്പുവഴി നീക്കം ചെയ്യുകയാണ് ചെയ്യുന്നത്. പലയിടത്തും കുഴി സ്ലാബിട്ട് മൂടുകപോലും ചെയ്തിട്ടില്ല. ഈ മാലിന്യങ്ങള്‍ മണ്ണിലൂടെ ഒലിച്ചിറങ്ങി കുന്നിനു താഴത്തെ വീടുകളിലെ കിണറുകളിലെത്തുന്നതാണ് കിണര്‍ ജലം മലിനമാകാന്‍ കാരണമെന്ന് പരിശോധനയില്‍ വ്യക്തമായതായും ഇവര്‍ പറയുന്നു.
കിണര്‍ജലം മലിനമായതിനു പിന്നാലെ പ്രദേശവാസികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല സ്ഥലം സന്ദര്‍ശിക്കുകയും തുടര്‍ന്ന് നടത്തിയ ഇടപെടലിന്റെ ഫലമായി മാര്‍ച്ച് 11നും 12നും ആര്‍ ഡി ഒ പ്രദേശത്ത് പരിശോധന നടത്തിയിരുന്നു. പതിനൊന്നിന് ലേബര്‍ ക്യാമ്പ് സന്ദര്‍ശിച്ച ആര്‍ ഡി ഒ അവിടുത്തെ ന്യൂനതകളും അശാസ്ത്രീയ നിര്‍മ്മാണങ്ങളും കണ്ടെത്തി. ദുരിതബാധിതരുമായി ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ സംസാരിച്ചതിൻ്റെ അടിസ്ഥാനത്തിൽ ലേബര്‍ ക്യാമ്പ് ഇവിടെ നിന്ന് മാറ്റണമെന്ന നിലപാടാണ് പ്രദേശവാസികള്‍ സ്വീകരിച്ചത്. ക്യാമ്പ് മാറ്റുന്നില്ലെങ്കില്‍ സര്‍ക്കാറും മലിനീകരണ നിയന്ത്രണ ബോര്‍ഡും നിര്‍ദേശിക്കുന്ന തരത്തിലുള്ള സുരക്ഷാ സംവിധാനങ്ങളും മാലിന്യനിര്‍മാര്‍ജന സംവിധാനങ്ങളും ഏര്‍പ്പെടുത്തണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post