നന്തി ബസാർ: ശ്രീശൈലംകുന്നിലെ ലേബർ ക്യാംപും പരിസരവാസികളെയും കൊയിലാണ്ടി എം എൽ എ സന്ദർശിച്ചു. മലിനീകരണമുണ്ടാക്കി ജനങ്ങളുടെ ജീവനും ആരോഗ്യത്തിനും ഭീഷണിയുയർത്തുന്നുവെന്ന് പരിസരവാസികളുടെ പരാതി നേരിടുന്ന വഗാഡ് ലേബർ ക്യാംപും പരിസരവുമാണ് കാനത്തിൽ ജമീല എം എൽ എ സന്ദർശിച്ചത്. അതേ സമയം, കുടിവെള്ളത്തിനു പ്രയാസമനുഭവിക്കുന്ന വീടുകളിലേക്ക് പഞ്ചായത്ത് കുടിവെള്ളമെത്തിക്കുമെന്ന് പ്രസിഡന്റ് സി കെ ശ്രീകുമാർ അറിയിച്ചിട്ടുണ്ട്.
ക്യാമ്പിന് സമീപത്തെ കുന്നിൻ ചരിവിനോട് ചേർന്നുള്ള വീടുകളിലെ കിണർ വെള്ളത്തിൽ നിന്നും ദുർഗന്ധം വമിക്കുകയും സ്വാഭാവിക നീരുറവയ്ക്കൊപ്പം മറ്റ് മലിന്യങ്ങളുടെ സാന്നിദ്ധ്യവും കാണുന്നത് തുടരുകയാണ്. നേരത്തേ ഇക്കാര്യം സംബന്ധിച്ച് ആരോഗ്യ വിഭാഗത്തിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയിരുന്നു.
പ്രശ്നത്തിന് അടിയന്തിര പരിഹാരം കാണുന്നതിനായി ജനകീയ കമ്മിറ്റി വിളിച്ചു ചേർത്തു. ശശി പുത്തലത്ത് അധ്യക്ഷത വഹിച്ചു. എൻ കെ കുഞ്ഞിരാമൻ കൺവീനറും ശശി പുത്തലത്ത് ചെയർമാനുമായി ആക്ഷൻ കമ്മിറ്റിക്ക് രൂപം നൽകി. മുഴുവൻ ബഹുജനങ്ങളേയും അണിനിരത്തി പ്രത്യക്ഷ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.യോഗത്തിൽ കെ ജീവാനന്ദന് മാസ്റ്റര്‍, എ കെ ഷൈജു, കെ വിജയരാഘവൻ, കെ കുഞ്ഞികൃഷണൻ പ്രസംഗിച്ചു.
Discussion about this post