പയ്യോളി: കുടുംബശ്രീ 15-ാം വാർഡ് എ ഡി എസിൽ നിന്നുള്ള സി ഡി എസ് അംഗത്തിൻ്റെ തിരഞ്ഞെടുപ്പ് റദ്ദാക്കി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ്റെ ഉത്തരവിറങ്ങി. 3709/എ 1/2020/കെ.എസ്.കെ.കെ.ഡി, തിയ്യതി 09/02/2022 നമ്പർ ഉത്തരവിലാണ് തിരഞ്ഞെടുപ്പ് റദ്ദാക്കിയത് സംബന്ധിച്ച വിശദാംശങ്ങൾ രേഖപ്പെടുത്തിയിട്ടുള്ളത്. ഇതു സംബന്ധിച്ച് പയ്യോളി വാർത്തകൾ നേരത്തേ വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു.
15-ാം വാർഡ് എ ഡി എസ്, ബി പി എൽ വിഭാഗത്തിനായി സംവരണം ചെയ്തതാണെന്നും സി ഡി എസായി തിരഞ്ഞെടുക്കപ്പെട്ട എൻ കെ റീത്ത എ പി എൽ ആണെന്നും കമ്മീഷന് കണ്ടെത്താൻ കഴിഞ്ഞു. ഇവരുടെ സത്യപ്രസ്ഥാവനയിൽ ബി പി എൽ എന്ന് അവകാശപ്പെട്ടിട്ടുണ്ടെങ്കിലും പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ ഹിയറിംഗിൽ അത് തെറ്റാണെന്ന് ബോധ്യപ്പെട്ടതായി ഉത്തരവിൽ പറയുന്നു. ചെയർപേഴ്സൺ, സി ഡി എസ് സ്ഥാനങ്ങളിൽ നിന്നും റീത്ത രാജി വെച്ച കാര്യവും ഉത്തരവിൽ പരാമർശിക്കുന്നുണ്ട്.
ഈ സാഹചര്യത്തിലാണ് പയ്യോളി നഗരസഭ 15-ാം വാർഡ് എ ഡി എസിൽ നിന്നുള്ള സി ഡി എസ് അംഗമായും തുടർന്ന് സി ഡി എസ് ചെയർപേഴ്സണായും റീത്ത തിരഞ്ഞെടുക്കപ്പെട്ട നടപടി അസാധുവാക്കി ഉത്തരവായത്. ഈ തിരഞ്ഞെടുപ്പുകൾ വീണ്ടും നടത്തേണ്ടി വരും. ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയരക്ടറായ കുടുംബശ്രീ ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ ഗിരീഷ് കുമാറാണ് തിരഞ്ഞെടുപ്പ് റദ്ദാക്കി ഉത്തരവായത്.
Discussion about this post