

പയ്യോളി: നഗരസഭയിലെ തെരുവ് നായകളുടെ ശല്യം നിയന്ത്രിക്കാൻ കർമ്മ പദ്ധതി രൂപീകരിക്കാൻ തെരുവ് നായ നിയന്ത്രണ മോണിറ്ററിംഗ് സമിതി തീരുമാനിച്ചു. ഇതനുസരിച്ച്, നഗരസഭയിലെ തെരുവ് നായ ശല്യം കൂടുതലുള്ള സ്ഥലം കണ്ടെത്തുകയും തെരുവ് നായകൾക്ക് വേണ്ടി ഷെൽട്ടർ നിർമ്മിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യും.

ഷെൽട്ടറിൽ നായകളെ എത്തിക്കുന്നതിനായി ആളുകളെ കണ്ടെത്തി പരിശീലനം നല്കും. അറവ് മാലിന്യങ്ങൾ തെരുവ് നായകൾക്ക് ലഭിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തും. പൊതു ഇടങ്ങളിൽ ഭക്ഷണ അവശിഷ്ടങ്ങൾ നിക്ഷേപിക്കുന്നത് ഒഴിവാക്കുന്നതിനുള്ള നടപടി സ്വീകരിക്കും. തെരുവ് നായകൾക്ക് വാക്സിനേഷൻ നല്കാൻ ക്യാമ്പുകൾ സംഘടിപ്പിക്കും.

വളർത്ത് നായകൾക്ക് നഗരസഭ ലൈസൻസ് നിർബ്ബന്ധമാക്കും. കൂടാതെ തുടർച്ചയായ വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കുകയും മൈക്രോ ചിപ്പ് സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനം നടത്തുകയും ചെയ്യുന്നതിനും തെരുവ് നായ നിയന്ത്രണ മോണിറ്ററിംഗ് സമിതി യോഗം തീരുമാനിച്ചു.

നഗരസഭയിൽ നടന്ന യോഗത്തിൽ ചെയർമാൻ ഷഫീഖ് വടക്കയിൽ അധ്യക്ഷത വഹിച്ചു. എസ് പി സി എ ജില്ലാ കമ്മറ്റി ഹോണണറി സെക്രട്ടറി അഡ്വ. എം രാജൻ വിശദീകരണം നടത്തി.

നഗരസഭ സെക്രട്ടറി ഷെറിൽ ഐറിൻ സോളമൻ, വെറ്റിനറി ഡോക്ടർ പി.കെ.ഷൈന, ഇരിങ്ങൽ കുടുംബാരോഗ്യ കേന്ദ്രം എച്ച് ഐ കെ പി മിനി, അനിമൽ വെൽഫെയർ ഓർഗനൈസേഷൻ പ്രതിനിധികളായ ജിജ വി നായർ, ഷജിൽ എളയോത്ത് കുനി, നഗരസഭ എച്ച് ഐ
ടി പി പ്രജീഷ് കുമാർ പ്രസംഗിച്ചു.

നഗരസഭ ചെയർമാൻ, സെക്രട്ടറി, വെറ്റിനറി ഡോക്ടർ, മെഡിക്കൽ ഓഫീസർ, എസ് പി സി എ പ്രതിനിധി, അനിമൽ വെൽഫെയർ അസോസിയേഷൻ്റെ 2 പ്രതിനിധികൾ എന്നിവർ ഉൾപ്പെടുന്നതാണ് തെരുവ് നായ നിയന്ത്രണ മോണിറ്ററിംഗ് സമിതി.



Discussion about this post